ഇന്നത്തെ ഈ ഏകാന്തതയുടെ തുരുത്തിലേക്കുള്ള നീണ്ടയാത്രയിൽ എന്തെല്ലാം കണ്ടു. എത്രതവണ നിറയ്ക്കപ്പെട്ടു, എത്ര തവണ തുറന്നടഞ്ഞു. എത്രയെത്ര അനാഥജന്മങ്ങൾക്ക് മേൽവിലസങ്ങളുണ്ടാകുന്നതു കണ്ടു.
എനിക്കായ് കുടപിടിച്ചു നില്ക്കുന്നൊരീ ഓടിൻപുറത്ത് ആദ്യത്തെ മഴത്തുള്ളികൾ പതിച്ച ശബ്ദം പോലും ഒന്ന് കണ്ണടച്ചാൽ ഇന്നും ഉള്ളിൽ കേൾക്കാം.
ഒരു കാലഘട്ടം തന്നെ എന്നിലൂടെ കയറിയിറങ്ങി പോയി.
എല്ലാ ദുഖങ്ങളും അക്ഷരങ്ങളിലൊതുക്കി ഒരു തുള്ളി കണ്ണീരും ചേർത്ത് എന്നിൽ നിക്ഷേപിച്ചിരുന്നവർ, അയയ്ക്കാൻ ആരുമില്ലെന്നറിഞ്ഞിട്ടും ഒരിക്കലും വരില്ലാത്തൊരാ കത്തിനായി ദിനവും കാത്തുനിന്നിരുന്നവർ, കണ്ണെത്താദൂരത്ത് നിന്നും വന്ന രണ്ടുവരികളിൽ പുതിയ ലോകം തീർത്തിരുന്നവർ..അങ്ങനെ പണ്ട് പതിവായി വന്നിരുന്നവരെല്ലാം തെക്ക് ദിക്കിലെ കുണ്ടനിടവഴിയിലൂടെ നടന്നു കടന്നു പോയി.
അവരുടെ മക്കൾ വല്ലപ്പോഴും മാത്രം വരുന്ന അതിഥികളായിരുന്നുവെനിക്ക്; അവരുടെ ചെറുമക്കൾ എന്നെ കാണാൻ വരുമെന്നത് ഞാൻ കണ്ട ഒരു വൃഥാസ്വപ്നവും.
എന്തുകൊണ്ടാണെന്നറിയില്ല. മരിച്ചുപോയവരുടെ മേൽവിലാസങ്ങളേക്കുറിച്ചോർത്തു പോകുന്നു. ഉടമയില്ലാതായാലും മേൽവിലാസം അവശേഷിക്കും. അതിലേക്കു വരുന്ന കത്തുകൾ ചിലപ്പോൾ തുറക്കപ്പെടും, ചിലപ്പോൾ ഉപേക്ഷിക്കപ്പെടും.
പക്ഷേ എപ്പോഴും അവയിൽ ജീവനുള്ള വിലാസങ്ങൾ അവശേഷിച്ചിരിക്കും.
ഇല്ല, ഇനിയൊരു ബാല്യമവശേഷിക്കുന്നില്ല; ഇനിയാരും കാണാൻ വരാനുണ്ടെന്നു തോന്നുന്നുമില്ല. എല്ലാം ഒരു നിയോഗമായിരുന്നിരിക്കണം.
ഒരേയൊരു സങ്കടം മാത്രം ബാക്കി. എനിക്കവശേഷിപ്പിച്ചു പോകാൻ സ്വന്തമായി ഒരു മേൽ വിലാസമില്ലല്ലൊ.
(കേരള-കർണ്ണാടക അതിര്ത്തി ഗ്രാമമായ മച്ചൂരു നിന്നും )