10 April, 2010

കൂടു നഷ്ടമാകുന്ന കോഴികളെക്കുറിച്ച്‌


റമ്പിൽ, ഒരു മാവിനോടു ചേർന്നായിരുന്നു കോഴിക്കൂട്‌. മുളകൾ മെടഞ്ഞ്‌, തകരപ്പാട്ട കൊണ്ടു മേൽക്കൂര ചാർത്തി അഛൻ തന്നെ തീർത്ത ഒന്ന്.
സന്ധ്യ മയങ്ങിയാൽ ഒടുവിലത്തെ കൊത്തിപ്പെറുക്കലും കഴിഞ്ഞു കോഴികളെല്ലാം കൂടണയും. കൂടിനടുത്തു ചെന്നാൽ നേർത്ത കുറുകലുകൾ കേൾക്കാം. ലോകത്ത്‌ ഈ രാത്രി ആരും സന്തോഷിക്കരുതേയെന്നും, ആഘോഷിക്കരുതേയെന്നും അവരുടെ ദൈവത്തോടു കരഞ്ഞു കൊണ്ടു പ്രാർത്ഥിക്കുന്നതാവാം ഒരുപക്ഷേ.
വീട്ടിൽ ഒരിക്കലും കോഴികളെ കൊല്ലാറുണ്ടായിരുന്നില്ല. പുഴകടന്നു വരുന്ന ചെട്ടിമാർക്കും ഗൗഡന്മാർക്കും കോഴികളെ വിൽക്കുന്നതു പോലും ഞങ്ങൾക്കു വിഷമകരമായിരുന്നു. എന്നിട്ടും ചിലപ്പൊഴെങ്കിലും കൂടു തകർത്തു കയറി, പാക്കാൻ ഞങ്ങളുടെ കോഴികളെ കൊന്നൊടുക്കിയിരുന്നു.
പുലരുമ്പോൾ തലയില്ലാത്ത ഉടലുകൾ കൂട്ടിൽ ഉറുമ്പരിച്ചു കിടക്കും. പ്രകൃതിയുടെ അനിവാര്യമായ ചില നിയമങ്ങൾ ഉൾക്കൊള്ളാനാവാതെ ബാക്കിയായ കോഴികൾ, ആ ഉടലുകൾ നോക്കി ഉറക്കെ കൊക്കിപ്പാറും.
പാക്കാന്റെ ശല്യമൊഴിവാക്കാൻ ചിലപ്പോൾ അഛൻ കോഴിക്കൂടു അടുക്കളയ്ക്കു പുറകിലേക്കു മാറ്റി വയ്ക്കും. അവിടെയാവുമ്പോൾ ചെറിയൊരു ശബ്ദം കൊണ്ടു തന്നെ ഞങ്ങൾക്കു തിരിച്ചറിയാനാവും പാക്കാൻ കയറിയിട്ടുണ്ടെന്നു.

ഇരുളുമ്പോൾ, കൂടു മാറ്റിവച്ചതറിയാതെ കോഴികളെല്ലാം അവിടവിടായി ഉഴറി നടക്കും. ഒടുവിൽ മാവിന്റെ ചില്ലയിലോ, വിറകു പുരയിലോ ചേക്കേറും. പിന്നെ അഛനും ഞങ്ങളും ചേർന്നു വേണം എല്ലാവരേയും പുതിയ കൂട്ടിൽ പിടിച്ചിടാൻ. കുറച്ചു ദിവസങ്ങളെടുക്കും എല്ലാം ഒന്നു ശരിയായി വരാൻ.

ചിലപ്പോഴൊക്കെ തോന്നും ഞാനുമൊരു കോഴിയാണെന്നു. ഇരുട്ടിൽ കൂടു കാണാനാവാതെ ദിക്കറിയാതെ, ഉഴറി നടക്കുന്ന ഒരു ഭ്രാന്തൻ കോഴി. അപ്പോഴൊക്കെ എവിടെ നിന്നാണെന്നറിയില്ല ചില ഓർമ്മകൾ വന്നു നെഞ്ചോടു ചേർത്തു പിടിച്ച്‌ പുതിയ കൂടുകളിൽ കൊണ്ടു ചെന്നു വിടും.

(വീട്ടു മുറ്റത്തു നിന്നു)
കടപ്പാട്‌: കൂടു നഷ്ടമാവുന്ന കോഴികളേക്കുറിച്ചോർമ്മിപ്പിച്ച 'ടിനോ'യോട്‌

11 comments:

ചേർത്തലയൻ said...

ചിലപ്പോഴൊക്കെ തോന്നും ഞാനുമൊരു
കോഴിയാണെന്നു.....നല്ല ഭാവന.....

Sulthan | സുൽത്താൻ said...

ഇരുട്ടിൽ കൂടു കാണാനാവാതെ ദിക്കറിയാതെ, ഉഴറി നടക്കുന്ന ഒരു ഭ്രാന്തൻ കോഴി.

ആശംസകൾ

Unknown said...

ഞങ്ങളുടെ കോഴികൾ അടുത്തവീട്ടിലെ മരകൊമ്പിലാ

ശ്രീ said...

ചിലപ്പോഴൊക്കെ നമ്മുടെ എല്ലാവരുടെയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെ ആണ് അല്ലേ മാഷേ? ദിക്കറിയാതെ ഉഴറി നടക്കേണ്ടി വരുന്ന പാവം കോഴികളെ പോലെ

Junaiths said...

ദി കോഴി..

Styphinson Toms said...

പാക്കാന്റെ കാര്യം പറഞ്ഞപ്പോളാണ് ഓര്‍മ്മ വന്നത് .. പണ്ടൊരിക്കല്‍ ഞങ്ങളുടെ വീട്ടിലെ കോഴിയെ പിടിക്കാന്‍ പാക്കാന്‍ വന്നു..
പാക്കാന്‍ വന്നു കഴിഞ്ഞാല്‍ ഉള്ള കോഴിയുടെ കരച്ചില്‍ അതി ഭയങ്കരമാണ് .. വല്ലാതെ പേടിപ്പിക്കുന്ന ഒരു കരച്ചില്‍ .. അന്നത്തെ ദിവസം പിന്നെ ഉറങ്ങനെ കഴിഞ്ഞില്ല..
എന്തോ ഭാഗ്യത്തിന് . പാക്കനു കോഴിയെ ഒന്നും പിടിക്കാന്‍ കഴിഞ്ഞില്ല ... ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ എണീറ്റ്‌ കൂടിനടുത്ത് പൊയ് ടോര്‍ച് അടിച്ചു നോക്കി പിന്നെ ലൈറ്റ് ഒക്കെ ഇട്ടു വെച്ച് ..
എന്നാലും ആ കാളരാത്രി ഒരിക്കലും മറക്കാന്‍ കഴിയില്ല ..

റോസാപ്പൂക്കള്‍ said...

നന്ദി പഴയ ഓര്‍മകളിലേക്ക് കൊണ്ടുപോയതിന്.എന്റെ വീട്ടിലെ കോഴികള്‍ക്ക് അനുസരണ കുറവായിരുന്നു.സന്ധ്യയായാല്‍ എല്ലാം കൂടിനടുത്തുള്ള ജാതിയില്‍ കയറിയിരിക്കും.പിന്നെ ഞങ്ങളെല്ലാവരുംകൂടി നല്ല നീളമുള്ള വടിയെറ്റുത്ത് എല്ലാത്തിനെയും അടിച്ച് താഴെ വരുത്തി കൂട്ടില്‍ കയറ്റും.ആ ലക്ഷ്യൂറിയസ് കോഴിക്കൂടിന് രണ്ടു മുറിയുണ്ടായിരുന്നു.കോഴിക്കുഞ്ഞുങ്ങളും തള്ളയുമെണ്ടിങ്കില്‍ അതുങ്ങള്‍ക്ക് ഒരു പ്രത്യേക മുറി. കുഞ്ഞുങ്ങള്‍ക്ക് കയറാന്‍ കപ്പയുടെ തണ്ടു കൊണ്ട് കൊച്ചു ഗോവണി ഉണ്ടാക്കിയതും ഓര്‍ക്കുന്നു

Typist | എഴുത്തുകാരി said...

പാക്കാന്‍ എന്നു പറയുന്നതെന്താണ്? ഇതുവരെ കോഴി വളര്‍ത്തിയിട്ടില്ലാത്തതുകൊണ്ട് കോഴിയുമായി അത്ര വലിയ സൌഹൃദമില്ല :)

ഹേമാംബിക | Hemambika said...

കോയി ബബ്ബ ബബ്ബബ ...

Mohamed Salahudheen said...

കൊന്നപാപം തിന്നാല് തീരുമോ

മാത്തൂരാൻ said...

കോഴിയെ വളർത്തിയിട്ടില്ല..അതു കൊണ്ട് അത്ര സെന്റി തോന്നുന്നില്ല.പിന്നെ കോഴികളുടെ സ്ഥിതി ആലോചിച്ച് സങ്കടം തോന്നിയിട്ടുണ്ട്.

പാക്കാനോ..മാക്കാനോ?