
ഒരുകാലമുണ്ടായിരുന്നു. വയനാട്ടുകാർ കുരുമുളകു കൊടിയെ മക്കളെപ്പോലെ വളർത്തി, പരിപാലിച്ചിരുന്ന കാലം. കർണ്ണാടക അതിർത്തിയിയിലെ പുൽപ്പള്ളിയായിരുന്നു കുരുമുളകു കൃഷിയുടെ കേന്ദ്രം.
മക്കളേയും മാമ്പൂക്കളെയും കാത്തിരിക്കാതെ മണ്ണിലിറങ്ങിയവർക്കെല്ലാം കൊടികൾ കറുത്ത പൊന്നു സമ്മാനിച്ചു. മുളകു വിൽക്കാൻ വാടകവണ്ടിയിൽ പുറപ്പെട്ടു പോയ അച്ചായന്മ്മാർ
തിരിച്ചു സ്വന്തമായ് ജീപ്പു മേടിച്ച് ഓടിച്ചു വന്നിരുന്നു. വയനാടിന്റെ ചരിത്രം, ആ കാലത്തെ രോമാഞ്ചത്തോടെയാണു ഓർക്കുന്നതു.
എനിക്കോ?
കുരുമുളകിനേക്കുറിച്ചോർക്കുമ്പോൾ ഉള്ളിൽ തെളിയുക അഛന്റെ കാൽപ്പാദങ്ങളാണു. അഛനെയൊരിക്കലും ഞങ്ങൾ ചെരിപ്പിട്ടു കണ്ടിട്ടില്ല. കാട്ടിൽ മുളവെട്ടാനും, പുഴയിൽ ചൂണ്ടയിടാനും പോകുമ്പോഴൊന്നും അഛന്റെ കാലുകളിൽ ചെരിപ്പു വേണമെന്നു ഞങ്ങൾക്കു പോലും തോന്നിയിരുന്നില്ല എന്നതാണു സത്യം. ചെരിപ്പിടാതിരുന്നിട്ടും കൂടെ നടക്കുമ്പോഴെല്ലാം അഛന്റെ പുറകിലായിപ്പോകുകയാണു പതിവു.
കുരുമുളകുപറിയുടെ കാലം വന്നാൽ ആളുകൾ കൂട്ടമായി പുൽപ്പള്ളിയിലേക്കു പുറപ്പെടും. ആഴ്ച്ചകൾ കഴിയും മടങ്ങാൻ. കൈ നിറയെ കാശുമായി വരുന്നവരെ കാത്ത് എല്ലാ വീട്ടിലും പ്രതീക്ഷയുടെ ആയിരം കണ്ണുകൾ ഉറക്കമില്ലാതെ കാത്തിരിപ്പുണ്ടാവും.
കുരുമുളകു പറിക്കുന്നതിനനുസ്സരിച്ചാണു കൂലി. പറിച്ചെടുത്ത് മെതിച്ചു മുളകാക്കി കൊടുക്കണം. 'പാട്ട'യൊന്നിനു ഇത്ര എന്നു വച്ചു കൂലി കണക്കാക്കും. പകലു മുളകു പറിക്കലും രാത്രി മെതിയുമാണു പതിവു. അഛന്റെ കൂട്ടത്തിൽ അഛനോളം കൂലി മേടിക്കുന്നവരാരുമില്ല എന്നു കൂടെ പോയവർ പറഞ്ഞു കേട്ടിട്ടുണ്ട്.
പുൽപ്പള്ളിയിൽ നിന്നു തിരിച്ചെത്തിക്കഴിഞ്ഞാൽ, പലഹാരങ്ങൾ തന്നു ഞങ്ങളെയുറക്കി അഛൻ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ കാൽപ്പാദങ്ങൾ പരിശോധിക്കുന്നതു കാണാം. വിട്ടു പോകാതെ ഇറച്ചിക്കുള്ളിൽ തറഞ്ഞു കിടക്കുന്ന മുളകു മണികൾ കുത്തിയെടുത്തു കളയുമ്പോൾ അഛന്റെ മുഖത്തെ ഭാവമെന്താണെന്നു ഞങ്ങൾക്കൊരിക്കലും കാണാൻ കഴിഞ്ഞിരുന്നില്ല.
അന്നു കാണാതെ പോയ ആ ഭാവത്തിന്റെ പൊരുൾ തേടിയാണു വളർന്നു വന്നത്, ഇന്നും പൂർണ്ണമായും മനസ്സിലായിട്ടില്ലെങ്കിലും.
പുൽപ്പള്ളിയിലെ മുളകു കൊടികളെല്ലാം കരിഞ്ഞു പോയിട്ടും; അന്നു പലഹാരം കാത്തിരുന്നവർ തണലേകാൻ മാത്രം വളർന്നിട്ടും, അഛനിന്നും ചെരിപ്പിടാത്തതു കൊണ്ടാവാം
എനിക്കിന്നും കുരുമുളകൊരു നീറുന്ന ഓർമ്മയാകുന്നതു.
(അടുക്കളപ്പടിയിൽ നിന്നപ്പോൾ മാതന്റെ പറമ്പിൽ കണ്ടത്)
27 comments:
വീട്ടില്‍ അത്യാവശ്യം ഉപയൊഗിക്കാനുള്ള ഒരു കാലമുണ്ടായിരുന്നു. ഇന്നതെരിയുന്ന ഒരോര്‍മയായി മാറി..
പ്രിയ കൂട്ടുകാരാ,
കുരുമുളകിനാകൂറിച്ച് പറയുമ്പോള്‍ എനിക്കും മറക്കനാവാത്ത അനുഭവങ്ങള്‍ ഉണ്ട്. അച്നോട് ഒപ്പം കുരുമുളക് പറിക്കന്‍ പോയതും, ഒക്ക. നന്ദി,എല്ലാം ഓര്‍മിപ്പിച്ചതിനു. അവതരണം നന്നായി.ആശംസകള്‍.
vaayichappol ithanu orma vannathu.
http://www.indiatogether.org/opinions/psainath/waycrisis.htm
അച്ഛനെന്ന തണല്‍....! ആ സുഖശീതളിമയില്‍ ലയിച്ചു ലയിച്ചങ്ങിരിക്കാന്‍ താങ്കള്‍ക്കിനിയും ദീര്‍ഘകാലം കഴിയുമാറാകട്ടെ. അച്ഛന്‍ എന്നും എനിക്ക് വലിയൊരു നീറ്റലാണ്. അഞ്ചു വയസ്സു തികഞ്ഞിട്ടേയുള്ളു എനിക്ക്,അദ്ദേഹം എന്നെന്നേക്കുമായി യാത്ര പറഞ്ഞിറങ്ങുമ്പോള്‍.ഒരു പിടി നുറുങ്ങു ഓര്‍മ്മകള്‍ പോലും പകുത്തു തരാനാകതെ എന്‍ടെ തണല്‍ മരം അങ്ങനെയങ്ങു കടപുഴകി വീണു.പിന്നെ ഉച്ചിയിലെന്നും കത്തിജ്ജ്വലിക്കുന്ന ഉഷ്ണമായിരുന്നു.
"അന്നു പലഹാരം കാത്തിരുന്നവർ തണലേകാൻ മാത്രം വളർന്നിട്ടും "
ഇന്നു ഒരു തണല്‍ ആവാന്‍ കഴിഞ്ഞില്ലേ? ഭാഗ്യം ആണത്. തണല്‍ ഏകാന്‍ കഴിയുന്ന കാലത്തിനു കാത്തു നില്‍ക്കാതെ വിട പറഞ്ഞവരാണ് എന്റെ പ്രിയപ്പെട്ടവര്‍.
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു..
വയനാട്ടുകാരെ പോലെ തന്നെ ഇടുക്കിക്കാര്‍ക്കും കുരുമുളകിനെ കുറിച്ചു ഒരുപാടു പറയാനുണ്ട്...
കുരുമുളക് എന്ന വാക്കു പോലും തരുന്നതു നനവുള്ള ഓര്‍മ്മകളാണു...
ആശംസകള്‍...
എന്തു പറയണം വയനാടാ.. എത്ര ഭംഗിയായി സംസാരിക്കുന്നു താങ്കള്‍..
"പുൽപ്പള്ളിയിൽ നിന്നു തിരിച്ചെത്തിക്കഴിഞ്ഞാൽ, പലഹാരങ്ങൾ തന്നു ഞങ്ങളെയുറക്കി അഛൻ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ കാൽപ്പാദങ്ങൾ പരിശോധിക്കുന്നതു കാണാം"
അതെ, കാണുന്നു..
വാടിയ കുരുമുളകുതിരിയുടെ മണം(മെതികഴിഞ്ഞ)ഇവിടെവരെയെത്തി......ഗൗരവത്തിന്റെ മുഖംമൂടിയഴിച്ചുവെച്ച് സ്നേഹിക്കാന്‍ തുടങ്ങിയപ്പോഴേക്ക് നഷ്ടപ്പെട്ടതുകൊണ്ടാവാം അച്ഛനെന്നും നീറുന്ന ഓര്‍മ്മയാണ്.............
കുറച്ചു കുരുമുളകു് ഇവിടെ പറമ്പിലുമുണ്ട്. തിരിയിട്ടു തുടങ്ങിയിരിക്കുന്നു.
Good post. Beautiful words.
കറുത്ത മുത്തിനെ ചുറ്റി ഇങ്ങനെയും ഓര്‍മ്മകളോ??
". വിട്ടു പോകാതെ ഇറച്ചിക്കുള്ളിൽ തറഞ്ഞു കിടക്കുന്ന മുളകു മണികൾ കുത്തിയെടുത്തു കളയുമ്പോൾ അഛന്റെ മുഖത്തെ ഭാവമെന്താണെന്നു ഞങ്ങൾക്കൊരിക്കലും കാണാൻ കഴിഞ്ഞിരുന്നില്ല." മനസ്സില്‍ കൊണ്ട വാക്കുകള്‍..നന്നായിട്ടുണ്ട്...
വായിയ്ക്കുമ്പോള്‍ ആ നീറ്റല്‍ മനസ്സിലാക്കാനാകുന്നുണ്ട്.
വിട്ടു പോകാതെ ഇറച്ചിക്കുള്ളിൽ തറഞ്ഞു കിടക്കുന്ന മുളകു മണികൾ കുത്തിയെടുത്തു കളയുമ്പോൾ അഛന്റെ മുഖത്തെ ഭാവമെന്താണെന്നു ഞങ്ങൾക്കൊരിക്കലും കാണാൻ കഴിഞ്ഞിരുന്നില്ല.
:(
പടവും,കഥയും അസ്സലായിരിക്കുന്നു !
ഈ കറുത്തപൊന്നാണ് ,എന്നെ പോലെയുള്ള വിദേശമലയാളികളുടെ ഉത്ഭവത്തിനു കാരണഭൂതം../സായിപ്പ്,ഇംഗ്ലീഷ്,വിദ്യഭ്യാസം......
kurumulakinte neettalundaavunnath..ennum peridaamaayirunnu postinu..
കൊള്ളാം ഞാന്‍ ഒരു ആലപ്പുഴക്കാരനാണ്...കുറച്ച് നാള്‍ പുല്‍പ്പള്ളിക്കടുത്തെ മുള്ളങ്കൊല്ലിയില്‍ ജോലി ചെയ്തിരുന്നു...അവിടെയുള്ളവര്‍ കുരുമുളക് വിളഞ്ഞിരുന്ന ഒരു നല്ലകാലത്തെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്...
"വിട്ടു പോകാതെ ഇറച്ചിക്കുള്ളില്‍ തറഞ്ഞു കിടക്കുന്ന മുളകു മണികള്‍ കുത്തിയെടുത്തു കളയുമ്പോള്‍ അഛന്റെ മുഖത്തെ ഭാവമെന്താണെന്നു ഞങ്ങള്‍ക്കൊരിക്കലും കാണാന്‍ കഴിഞ്ഞിരുന്നില്ല"
അച്ഛന്‍ അത് കാണാന്‍ ഇടവരുത്തിയിരുന്നില്ല എന്നതാവണം ശരി .....
മനസ്സു നീറി.
ഓര്‍മ്മയുടെ നീറ്റല്‍ എല്ലവരിലേക്കും പകരുവാന്‍ വാക്കുകള്‍ക്കു കഴിഞ്ഞു.
കറുത്തപൊന്നിന് ഇങ്ങനെയൊരു കറുത്ത പശ്ചാത്തലം കൂടിയുണ്ട് അല്ലേ?
ഹൃദയ സ്പര്‍ശിയായ പോസ്റ്റ്.
അച്ഛനു തണലേകി, ഒരിക്കല്‍ നീറിയ കാലുകള്‍ക്ക് കുളിര്‍മ്മയായി, ഏറെക്കാലം കഴിയാന്‍ വയനാടനു ഭാഗ്യം ഉണ്ടാകട്ടേ.
ഓര്‍മ്മകള്‍ ഓരോ തവണ വന്നിട്ടു പോകുമ്പോഴും
ഓരോ പൊതി കയ്യിലേല്പിക്കാറുണ്ട്
പൊതി തുറക്കുമ്പോള്‍ ഒരു കണ്ണാടിയാവും
അതിലുണ്ടാവുക
കണ്ണാടിയില്‍ കണ്ണുകള്‍ നിറഞ്ഞിരിക്കുന്ന നമ്മുടെ മുഖമായിരിക്കും
തെളിഞ്ഞു കാണുക.
ശെരിക്കും കുരുമുളകിന്റെ നീറുന്ന ഓര്‍മ്മക്കള്‍ ഉണര്‍ത്തുന്ന പോസ്റ്റ്.
കല്യാണം കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ ആണ് ഞാനും കുരുമുളകിന്റെ ലോകം അറിയുന്നത്. അത് കൊണ്ട് തന്നെ ഇവിടെ പറഞ്ഞിരിക്കുന്നത് എത്ര മാത്രം സത്യം ആണെന്ന് അറിയാന്‍ പറ്റുന്നു.. കുരുമുളക് നിറച്ചു വെച്ചിരിക്കുന്ന കലവറയില്‍ കയറി ചെല്ലുമ്പോള്‍ തന്നെ ഒരു പ്രത്യേക വാസന ആണ്. ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആ മണം ചുറ്റും പരക്കുന്നത് പോലെ. നന്ദി!
ഓർമ്മകലുടെ നീറ്റൽ അനുഭവിച്ച്വർക്കെല്ലാം നന്ദി.
ഷൈജു എഴുതിയിരിക്കുന്നതു ശരിയെന്നു തോന്നുന്നു
"ഓര്‍മ്മകള്‍ ഓരോ തവണ വന്നിട്ടു പോകുമ്പോഴും
ഓരോ പൊതി കയ്യിലേല്പിക്കാറുണ്ട്
പൊതി തുറക്കുമ്പോള്‍ ഒരു കണ്ണാടിയാവും
അതിലുണ്ടാവുക
കണ്ണാടിയില്‍ കണ്ണുകള്‍ നിറഞ്ഞിരിക്കുന്ന നമ്മുടെ മുഖമായിരിക്കും
തെളിഞ്ഞു കാണുക".
അച്ചനെപ്പറ്റി യുള്ള ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചു
കണ്‍ നിറഞ്ഞു....
എനിക്ക് പക്ഷെ
അമ്മയാണ് എല്ലാം !
സൂര്യനായ് തഴുകി ഉറക്കമുനര്തുമെൻ അച്ഛനെയാണെനിക്കിഷ്ടം!!!
Post a Comment