30 September, 2009

എങ്കിലും എന്റെ ദൈവമേ...

തേക്കടിയെന്നെപ്പോൾ കേട്ടാലും മനസ്സിൽ തെളിയുന്നൊരു ചിത്രമുണ്ട്‌. മരച്ചാർത്തുകൾക്കിടയിലൂടെ നീണ്ടു പോകുന്ന പാത. അതിലൂടെയെത്തിപ്പെടുമ്പോൾ ആകാശം ഭൂമിയിൽ വന്നു വീണതു പോലൊരു തടാകവും നിബിഢ വനം അതിരിടുന്ന തീരവും.
ഈ തീരത്തേക്കാണൂ ലോകമെമ്പാടു നിന്നും സഞ്ചാരികളും സന്ദർശകരും നിർത്താതെ ഒഴുകി വരുന്നത്‌.

ബോട്ട്‌ ലാൻഡിംഗിലേക്കിറങ്ങുന്നതിനു മുമ്പുള്ള മതിലിൽ കുറച്ചു നേരമിരുന്നാൽ കാണാം ആർത്തുലസ്സിച്ചു പോകുന്ന പല പല കൂട്ടങ്ങളെ. വ്യത്യസ്ത നാടുകളിൽ നിന്നുള്ളവർ, പല പല ഭാഷകൾ സംസാരിക്കുന്നവർ . ആഹ്ലാദവും തിമിർപ്പുമല്ലാതെ മറ്റൊരു ഭാവവും നമുക്കാരുടേയും മുഖത്തു കാണാനാകില്ല.

ചിലർ ട്ര്ക്കിംഗ്‌ തിരഞ്ഞെടുക്കും, ചിലർ ബോട്ടു സവാരിയോ, റാഫ്റ്റിംഗോ. ഇതൊന്നുമില്ലാതെ വഴിയരികിലേ കുരങ്ങുകൾക്കു തീറ്റ കൊടുത്തു നടക്കുന്നവരേയും കാണാം.

എത്രയെത്ര സന്ധ്യകളിൽ, അവസ്സാത്തെ ബോട്ടിൽ യാത്ര പോയിരിക്കുന്നു. വന്യമൃഗങ്ങൾ അത്ര അപരിചിതമല്ലാത്തതുകൊണ്ടാവാം, എല്ലായ്പ്പോഴും ചുറ്റുവട്ടത്തിലുള്ള മനുഷ്യരെ കൂടുതൽ കൗതുകത്തോടെ നിരീക്ഷിക്കാറുള്ളത്‌.

പുഴയും കാടും കണ്ടിട്ടില്ലാത്ത മക്കൾക്ക്‌ അതെല്ലാം അതിശയോക്തി കലർത്തി പറഞ്ഞു കൊടുക്കുന്ന അഛനും അമ്മയും. കഥകൾ കേൾക്കുമ്പോൾ കുഞ്ഞു മുഖങ്ങളിൽ തെളിയുന്ന ആശ്ചര്യം. ഒരു മെയ്യായി, പുറത്തെ കാഴ്ച്ചകൾ കാണുന്ന പ്രണയിതാക്കൾ.
ഒരു മാൻ പറ്റത്തെയോ, കാട്ടു പോത്തിൻ കൂട്ടത്തെയോ കാണൂമ്പോൾ ഉയരുന്ന ആരവം. അങ്ങനെ എന്തെല്ലാം കാഴ്ച്ചകൾ.

കാടിരുണ്ടു കഴിഞ്ഞ്‌, വനം വകുപ്പിന്റെ തുരുമ്പിച്ച ബോട്ടിൽ അവസാന സീറ്റിലിരുന്ന് തിരികെ വരുമ്പോൾ ചിലപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ട്‌ ഒരപകടമുണ്ടായാൽ എന്തുചെയ്യുമെന്ന്. നീന്തലറിയാമെന്നതു, ഇരുട്ടിൽ, മുല്ലപ്പെരിയാറ്റിലെ മരക്കുറ്റികൾ നിറഞ്ഞ തണൂത്ത വെള്ളത്തിലൊരനാവശ്യമായ കാര്യമാണു. അന്നൊക്കെയൊരു ധൈര്യം ഏറെയകലെയല്ലാതെ നീങ്ങുന്ന മറ്റൊരു ബോട്ടും, ബോട്ടുകൾ നിയന്ത്രിക്കുന്നവരുടെ അനുഭവ സമ്പത്തുമായിരുന്നു.

എന്നിട്ടുമെന്തേ ഇന്ന് ഇങ്ങനെയൊരു നടുക്കുന്ന വാർത്ത കേൾക്കാൻ! അനേകായിരങ്ങളെ തന്റെയോളങ്ങളിൽ തൊട്ടിലാട്ടിയ ഈ തടാകം ഇന്നവരിൽ കുറച്ചു പേരെ തന്നിലേക്കു ചവിട്ടിയാഴ്ത്താൻ. ഇതുപോലൊരു സന്ധ്യയ്ക്കാണു തട്ടേക്കാടും ഒരു വിറങ്ങലിച്ച ഓർമ്മയായി മാറിയതു.

ഓർമ്മകൾ തീർന്നു പോകുന്നു, കാടിരുളുകയാണു.

എങ്കിലും, മണ്ണിലും വിണ്ണിലും, തൂണിലും, തുരുമ്പിലും നിറഞ്ഞു നിന്നു എല്ലാം കാണുന്ന എന്റെ ദൈവമേ, ആർപ്പുവിളികളും ആഘോഷങ്ങളും, പുഞ്ചിരികളും കൗതുകങ്ങളും മാത്രം വിരിഞ്ഞിരുന്ന ഈ തീരമെന്തിനു നീ നിലവിളികൾ കൊണ്ടു നിറച്ചൂ,...


[എഴുതണമെന്നു കരുതിയതല്ല. എങ്കിലും ടി വിയിലും റൂമിലും ചുറ്റിലുമെല്ലാം ഇന്ത്യയും പാകിസ്ത്താനും ന്യൂസിലാണ്ടും തകർത്തു പെയ്യുമ്പോൾ, ഉള്ളിലെ വിങ്ങൽ പങ്കുവയ്ക്കാൻ ഞാൻ മറ്റൊരിടവും കണ്ടില്ല, ക്ഷമിക്കുക]

17 comments:

VEERU said...

താങ്കൾ പറഞ്ഞതു വിഷമം പിടിച്ച ഒരു സത്യമാണ്...ഇവിടെയും ഞാൻ കണ്ടു.. ആ മഹദുരന്തത്തിൽ‌പ്പെട്ട ഹതഭാഗ്യരുടെ കരച്ചിലിനും കണ്ണു നീരിനും ഒരു നിമിഷം പോലും മുഖം കൊടുക്കാതെ ഇന്ത്യ - വെസ്റ്റിൻഡീസ് മത്സരം കാണാൻ ചാനൽ മാറ്റി ടിവിയിൽ സാകൂതം നോക്കിയിരിക്കുന്ന ഒരുപാട് സുഹൃത്തുക്കളെ !!

Unknown said...

ഇതുപോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയും ആദരാഞ്ജലികളോടെയും...

Appu Adyakshari said...

അപകടത്തിൽ പെട്ടവർക്ക് ആദരാഞ്ജലികൾ എന്നു പറയുമ്പോൾ നമ്മുടെ കടമതീരുന്നു. പക്ഷേ അതിൽ എല്ലാം നഷ്ടപ്പെട്ടവർക്കോ. ഇനിയും ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുവാനല്ലേ കഴിയൂ.

Micky Mathew said...

തേക്കടി എന്ന് കേള്കുബോഴേ പേടിയാകുന്നു .......
ഇനി തേക്കടിയില്‍ പോയി എങ്ങനെ ബോട്ടേല്‍ കയറും .!!!

Sukanya said...

"എങ്കിലും, മണ്ണിലും വിണ്ണിലും, തൂണിലും, തുരുമ്പിലും നിറഞ്ഞു നിന്നു എല്ലാം കാണുന്ന എന്റെ ദൈവമേ, ആർപ്പുവിളികളും ആഘോഷങ്ങളും, പുഞ്ചിരികളും കൗതുകങ്ങളും മാത്രം വിരിഞ്ഞിരുന്ന ഈ തീരമെന്തിനു നീ നിലവിളികൾ കൊണ്ടു നിറച്ചൂ,.." ഞാനും ചോദിക്കുന്നു.
പ്രാര്‍ത്ഥിക്കുന്നു ദുരന്തങ്ങള്‍ ഇനിയും വരുത്താതെ കാക്കണേ. ലോക സമസ്താ സുഖിനോ ഭവന്തു.

Typist | എഴുത്തുകാരി said...

മറ്റൊരു ദുരന്തം കൂടി. ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍....

ramanika said...

ഇനിയും ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കട്ടെ!

raadha said...

ഞാനും രണ്ടു മൂന്നു തവണ വിനോദ സഞ്ചാരിയായി തടാകത്തില്‍ ബോട്ടില്‍ പോയിട്ടുണ്ട്. ഈശ്വരാ അന്നൊന്നും ഒരു അപകടത്തിന്റെ നിഴല്‍ പോലും എങ്ങും ഉണ്ടായിട്ടില്ല. ഇപ്പോള്‍ പേടി ആകുന്നു..പൊളിഞ്ഞു പോയ 42 ജീവന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു..

പ്രയാണ്‍ said...

.................

khader patteppadam said...

എല്ലാ സൌന്ദര്യങ്ങള്‍ക്കു പിന്നിലും ഒരു ഭീകര ജീവി ഒളിച്ചിരിപ്പുണ്ട്.തേക്കടി... ഉടനെ മനസ്സിലേക്ക് ഓടി വരുന്നത് തട്ടേക്കാടാണു. നിര നിരയായി മ്രുതശരീരങ്ങള്‍ വെള്ളയില്‍ പൊതിഞ്ഞ് സ്കൂള്‍ മുറ്റത്ത്....എന്റെ കണ്മുന്നില്‍...ഈശ്വരാ..

ഷൈജു കോട്ടാത്തല said...

നമുക്ക് പ്രാര്‍ത്ഥനകളെ സ്വന്തമായി ഉള്ളൂ

താരകൻ said...

തേക്കടിയെ കുറിച്ചോർക്കുമ്പോഴൊക്കെ കണ്ണീരിറ്റുന്ന ഒരു തിരുമുറിവായി ഈ ഓർമ്മകൾ ഏറെക്കാലം നമ്മുടെ ഹൃദയത്തിലുണ്ടാകും..

അഭി said...

അനേകായിരങ്ങളെ തന്റെയോളങ്ങളിൽ തൊട്ടിലാട്ടിയ ഈ തടാകത്തിന്റെ മനോഹര ചിത്രത്തില്‍ ഈ ഒരു കറുത്ത പാടും

jyo.mds said...

ഒരു guide ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഈ ദുരന്തം ഒഴിവാക്കാമയിരുന്നു-

വീകെ said...

എല്ലാം നാം സ്വയം വരുത്തിവക്കുന്ന ദുരന്തങ്ങൾ എന്നേ പറയാൻ പറ്റൂ...
നിയമങ്ങൾ ഒരു വഴിക്ക്...
നാം മറ്റൊരു വഴിക്ക്...
പൊലിഞ്ഞു പോയ ആ ജീവിതങ്ങൾക്ക് “ആദരാഞ്ജലികൾ..”

OAB/ഒഎബി said...

നമുക്ക് പ്രാർത്ഥിക്കാം...

ഗീത said...

അടുപ്പിച്ചടുപ്പിച്ച് 2 ദു:ഖ വാര്‍ത്തകള്‍ കേള്‍ക്കാനിടയായി. ഇതും, പിന്നെ ജ്യോനവന്റെ കാര്യവും. വളരെ വിഷമം തോന്നി.