മഴയും മഴവില്ലും കളിക്കൂട്ടുകാരായിരുന്ന പ്രായം; ക്ലാസ് മുറിയിലെ ആടുന്ന ബെഞ്ചുകളിലിരുന്ന് ബ്ലാക്ക് ബോർഡിലെ വെളുത്ത വരകളെ സ്ലേറ്റിൽ പകർത്തുകയായിരുന്നു ഞങ്ങൾ. എപ്പോഴാണെന്നറിഞ്ഞില്ല, എല്ലാവരുടേയും ശ്രദ്ധ പുറത്തെ മൈതാനത്തേക്കായി. അവിടെ, വീണു കിടക്കുന്ന ആഞ്ഞിലി മരച്ചുവട്ടിൽ കാലുകൾ തമ്മിൽ കെട്ടു പിണഞ്ഞു പിടയുന്ന രണ്ടു പട്ടികൾ. എന്തോ ആപത്തു സംഭവിച്ചുവെന്ന ചിന്തയിലാരുന്നു ഞങ്ങൾ.
ബോർഡിൽ എഴുത്തു നിർത്തി തിരിഞ്ഞ മാഷു കണ്ടതു പുറത്തേക്കു
നോക്കിയിരിക്കുന്ന ഞങ്ങളെയാണു.അദ്ദേഹം ഒന്നു പുറത്തേക്കു നോക്കി; എന്നിട്ടു ഞങ്ങളോടായി ചോദിച്ചു: "ആ പട്ടികൾ ചെയ്യുന്നതെന്താണെന്നറിയണോ"
ആരും ഒന്നും മിണ്ടിയില്ല; മാഷു തുടർന്നു.
'നിങ്ങൾക്കെല്ലാം പട്ടിക്കുഞ്ഞുങ്ങളെ ഇഷ്ടമല്ലേ"എല്ലാവരും തലയാട്ടി."അച്ഛനും അമ്മയ്ക്കും നിങ്ങളുണ്ടായതു പോലെ ആ പട്ടികൾക്കും കുഞ്ഞുങ്ങളുണ്ടാവണം. അതിനു വേണ്ടിയാണു അവർ അങ്ങിനെ കെട്ടി മറിയുന്നതു.കുറച്ചു ദിവസം കഴിയുമ്പോൾ നിങ്ങൾക്കു കാണാം അവരുടെ കുഞ്ഞുങ്ങളെ".
ഞങ്ങളുടെ കൗതുകത്തിനു ആ ഉത്തരം അധികമായിരുന്നു. പിന്നീടാരും പുറത്തേക്കു നോക്കിയിരുന്നില്ല.
പ്രകൃതി രഹസ്യങ്ങൾക്കു മുമ്പിൽ പകച്ചു നിൽക്കുന്നവരെ കാണുമ്പോഴെല്ലാം
ഇന്നും മനസ്സിലേക്കോടിയെത്താറുണ്ട് മാഷിന്റെ ആ വാക്കുകൾ.
(അൽ-ഐൻ മൃഗ ശാലയിൽ നിന്നൊരു കാഴ്ച്ച)
സമർപ്പണം: സൃഷ്ടിയുടെ രഹസ്യവും ലക്ഷ്യവും ഞങ്ങൾക്കു വെളിവാക്കിത്തന്ന മാത്യു മാഷിനു.
29 comments:
ആരും പറയാത്ത ഉത്തരം...!!!
നന്ദി.
ആശംസകൾ.
താങ്കളുടെ മാത്യു മാഷ് എത്ര നല്ലവന്‍. ഞങ്ങളുടെ ....... മാഷായിരുന്നെങ്കില്‍ അടിയോടടി പൂരമായേനെ..! ചിത്രം ആസ്വാദ്യകരമായി , പതിവുപോലെ.
പ്രിയ വയനാടന്‍, നന്നായിടുണ്ട് ചിത്രവുമ്, അവതരണവും. ആശംസകള്‍.
മാഷു് എന്തു ഭംഗിയായി അതു പറഞ്ഞുതന്നു ഇല്ലേ?
ചെറിയ ക്ലാസുകളില്‍ പാഠങ്ങള്‍ പകര്‍ന്നു തന്ന അദ്ധ്യാപകരുടെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്. ഇന്ന് ജീവിതത്തെ സ്വാധീനിക്കുന്ന അദ്ധ്യാപകര്‍ കുറഞ്ഞിരിക്കുന്നു എന്നത് ശരിയല്ലേ.. ?
ഈ പങ്കുവെക്കലിനു നന്ദി
ചിത്രത്തിലധികം അനുബന്ധ കഥയാണെന്നെ ആകർഷിച്ചത്.
ഹ ഹ ഹാ..ഇന്നാണെങ്കിൽ മാഷുമാർ വിസ്തരിച്ച്? പറഞ്ഞു തരുമായിരുന്നു.
പിന്നെ 72-75 ദിവസങ്ങൾക്ക് ശേഷം പട്ടിക്കുട്ടികളെ കണ്ടു കാണും അല്ലെ.
നല്ല മാഷ് ..
U got really a good teacher..
നല്ല കാര്യങ്ങൾ.. ആശംസകൾ
മാത്യൂ മാഷ് ശെരിക്കും ഒരു നല്ല മാഷ് തന്നെ..
പോസ്റ്റ് നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍
ഇങ്ങനെയുള്ള ഗുരുക്കന്മരെ പറ്റിയാണു
ഗുരു ദൈവതുല്യനാണെന്നു പറയുന്നത്,
ആ പിന്ചു കുഞ്ഞുങ്ങളേ ചീത്ത പറഞ്ഞിരുന്നെങ്കില്‍ എന്തു കഷ്ടം ആയേനേ ഇതിപ്പോ ഇത്ര വര്‍ഷത്തിനു ശേഷവും നല്ലൊരു പാഠമായി മനസില്‍ കിടപ്പുണ്ട്, ഇനി എത്ര തലമുറയിലെ കുട്ടികളുക്കും നിര്‍ദോഷമായി പറഞ്ഞു കൊടുക്കാന്‍ ....
പണ്ട് കോഴിക്കൂട് തുറന്നു വിട്ടാല്‍ പൂവന് കോഴി പിടയെ ഓടിച്ചിട്ട് പിടചവിട്ടും അന്നു അതെന്തിനാന്നു ചോദിച്ചപ്പോള്‍ അങ്ങനെ പൂവന് ചവിട്ടില്ലങ്കില്
ഈ കള്ളപിടക്കൊഴി ഒറ്റ ഒരെണ്ണം മുട്ടയിടുകില്ല
എന്നു ജോലിക്കാരി പറഞ്ഞു തന്നു ..
എത്രയോ നാള് അതും വിശ്വസിച്ചു നടന്നിട്ടുണ്ട്.
:)
Manoharam ee kathuka kkazcha...! Ashamsakal...!!!
മാഷിന് ഒരു സലാം.
വൃക്ക എന്ന് കേള്‍ക്കുമ്പോള്‍ അത് ശരിക്കും എന്താണെന്നറിയാതെ, മറ്റൊരു ശരീരാവയവുമായി തെറ്റിദ്ധരിച്ച്, കള്ളച്ചിരി ചിരിക്കുന്ന കുട്ടികള്‍ക്ക് അത് വളരെ മനോഹരമായി പറഞ്ഞുകൊടുത്ത വിജയന് മാഷെ ഓര്‍മ്മ വന്നു.
മാണിക്യേച്ചിയുടെ ജോലിക്കാരി പറഞ്ഞുകൊടുത്തതും വളരെ മനോഹരമായിട്ട് തന്നെ.
മാത്യുമാഷിനെപ്പോലൊരു മാഷ് ഞങ്ള്ക്കും ഉണ്ടായിരുന്നു.ഇതു പോലെയുള്ള കുറിപ്പുകള്‍ മനസ്സിനെ വല്ലാതെ വേട്ടയാടുന്നതാണ്.പഴയ കാര്യങ്ങള്‍..പഴയ കൂട്ടുകാര്‍ .നന്നായി.
വൃക്കയുടെ കാര്യം പറഞ്ഞപ്പോഴാനു മറ്റൊരു മാഷുടെ രീതി ഓര്മ വന്നത്. വൃക്കയുടെ ചിത്രം ബോര്‍ഡില്‍ വരച്ചപ്പോള്‍ ഒരു പെണ്‍കുട്ടിക്ക് ചിരി വന്നു. ചിരി അമര്‍ത്തിയ അവളോട് മാഷ് ഒരു ഉളുപ്പുമില്ലാതെ പറഞ്ഞു, " എന്താടീ ചിരിക്കുന്നത്, ഇത് നീ ഉദ്ദേശിക്കുന്ന സാധനമല്ല, അത് കാലിന്റെ ഇടയിലാണ്. ഇതു വൃക്ക, നട്ടെല്ലിന്റെ അടുത്തായിട്ടുവരും". ഈ കളിയാക്കലിന്റെ ആഘാതത്തില്‍ പിന്നീട് ആ കുട്ടി ക്ലാസ്സില്‍ വന്നില്ല എന്നാണോര്‍മ.
മാത്യു മാഷെപ്പോലുള്ള കുഞ്ഞുങ്ങളെ അറിയുന്ന മാഷമ്മാര് കുറഞ്ഞു വരുന്നതാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ നിര്‍ഭാഗ്യം.
കുട്ടികള്‍ക്ക് അവരുടെ mental age നു യോജിച്ചരീതിയില്‍ ബോധനം ചെയുന്ന അദ്ധ്യാപകര്‍ വിരളമാണ്.
നല്ല മാഷ് തന്നെ..
സിലബസിലില്ലാത്ത പ്രകൃതി പാഠങ്ങൾ പറഞ്ഞ് തന്ന മാഷ് മഹാൻ തന്നെ...
നന്നായിരിയ്ക്കുന്നു.
ഇത് സൂപ്പര്‍..............
നല്ല അവതരണത്തിന് ഒരുപിടി ആശംസകള്‍...
ഇത് എന്നത്തെ കാര്യാ...?
ഇന്നണെങ്കിലോ?
മാഷിനെ സമ്മതിക്കണം..നന്നായി ഇരിക്കുന്നു..
shariyaanu ethra simple aayi paranju..maash
നിഷ്കളങ്കമായ ചിത്രവും അടിക്കുറിപ്പും.
നല്ലൊരദ്ധ്യാപകനെ പരിചയപ്പെടുത്തുക മാത്രമല്ല നല്ല അദ്ധ്യാപകന് എങ്ങിനെ ആയിരിക്കണം എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഈ പോസ്റ്റ്..
ആശംസകള്‍
ചിത്രവും അനുബന്ധ ഓർമ്മയും നന്നായി : അഭിനന്ദനങ്ങൾ
എനിക്കും ഓർമവന്നു,
എന്നെ ബയോളജി പഠിപ്പിച്ച മാഷിനെ...
'കൗതുകം' പൂണ്ടവർക്കെല്ലാം നന്ദി. മാത്യു മാഷുമാർ ഇനിയുമുണ്ടാവട്ടെ; കുരുന്നു മനസ്സുകളിലെ കൗതുകങ്ങൾക്കെല്ലാം ഉത്തരങ്ങളും.
Post a Comment