17 October, 2009

ഇരയുടെ ദുഃഖം; വേട്ടക്കാരന്റേയും


"കൊന്നു കളഞ്ഞിട്ടും എന്തിനു നീയെന്റെ ശവം പോലും വില പേശി വിൽക്കുന്നു" മരണ തീരങ്ങളുടെ അപ്പുറമിരുന്നു ഞണ്ടിന്റെ ആത്മാവ്‌ അയാളോടു ചോദിച്ചു.
അതു വരെ, നിർത്താതെ കാഴ്ച്ചക്കാരെ തന്നിലേക്കു വിളിച്ചുകൊണ്ടിരുന്ന നാവ്‌ ഒരു മാത്ര നിശബ്ദമായി; മുനിയുടെ ചോദ്യത്തിനു മുന്നിൽ പകച്ചു നിന്ന കാട്ടാളനെന്ന പോലെ.

മുന്നിലെ രൂപങ്ങളെല്ലാം ചോദ്യചിഹ്നങ്ങളായി അയാളെ നോക്കി പല്ലിളിച്ചു. കാഴ്ച്ചയുടെ അതിരുകൾ ഒരു മഞ്ഞിന്റെ പാട വന്നു മറഞ്ഞു. പതിയെ പതിയെ ഉള്ളിലൊരു കൊടുങ്കാറ്റുണരുകയായി.

ചവിട്ടി നിന്ന മണ്ണു ഒരു കുത്തൊഴുക്കിൽ നഷ്ടമായത്‌, അടി തെറ്റി തിരകളിൽ പെട്ടത്‌, ഓർമ്മകൾ പോലും നഷ്ടമായി മണൽപ്പരപ്പിലെവിടെയോ ഉപേക്ഷിക്കപ്പെട്ടത്‌..

ജീവിച്ചിരിപ്പുണ്ടെന്ന് ഓർമ്മിപ്പിക്കാൻ ഇന്നലേകളിൽ എവിടെയോ ബാക്കിയായ കുറേ മുഖങ്ങൾ. അവരുടെ, പ്രതീക്ഷകൾ പോലും മാഞ്ഞു തുടങ്ങിയ നോട്ടങ്ങൾ. വലിച്ചു കയറ്റാൻ തുടങ്ങുമ്പോഴെല്ലാം കൂടുതൽ ആഴങ്ങളിലേക്കു കൂപ്പുകുത്തിക്കുന്ന ജീവിതത്തിന്റെ ഇനിയും അടങ്ങാത്ത പക...

ഉത്തരമുണ്ടായില്ല; കരയുമ്പോഴും മായ്ച്ചു കളയാൻ കഴിയാത്ത, തന്നെത്തന്നെ പരിഹസ്സിക്കുന്ന, ആ നരച്ചചിരി മാത്രം ബാക്കിയായി.

എങ്കിലും, വിറയ്ക്കുന്ന വിരലുകളിലൂടെ ആ ചിന്തകളുടെ സ്പന്ദനമറിയവേ ഞണ്ടിന്റെ ആത്മാവു അയാളോടു ക്ഷമിച്ചു.

(ദെയ്‌ര ഫിഷ്‌ മാർക്കറ്റിൽ കണ്ടത്‌)

15 comments:

ഗീത said...

ജീവന്‍ ഒരു കുഞ്ഞുറുമ്പിനു പോലും വിലപ്പെട്ടതു തന്നെയാ.

Typist | എഴുത്തുകാരി said...

വിലപേശി വില്‍ക്കാന്‍ വേണ്ടി തന്നെയാണല്ലോ കൊന്നുകളയുന്നതു്, അല്ലേ?

കുമാരന്‍ | kumaran said...

നന്നായിട്ടുണ്ട് പടവും അടിക്കുറിപ്പും.

പ്രയാണ്‍ said...

പറ്റുമായിരുന്നെങ്കില്‍ പഴങ്ങളും പച്ചക്കറികളും ഒക്കെ ഇതുതന്നെയല്ലെ പറഞ്ഞിട്ടുണ്ടാവുക...........

Kichu $ Chinnu | കിച്ചു $ ചിന്നു said...

കൊള്ളാം, ഇഷ്‌ടപ്പെട്ടു.
(എന്നാലും ഞണ്ടിന്റെ സ്വാദോര്‍ക്കുമ്പൊ...!)

EKALAVYAN | ഏകലവ്യന്‍ said...

കൊന്നാല്‍ പാപം, തിന്നാല്‍ തീരുമോ..?

VEERU said...

സംഗതി ജീവൻ എല്ലാജീവികൾക്കും ഒരു പോലാണെങ്കിലും ഞണ്ടിനു പകരം വല്ല ആടോ കോഴിയോ ആയിരുന്നെങ്കിൽ ..ഇരയുടെ ദയനീയത ചിത്രത്തിൽ പതിഞ്ഞേനെ !!
എന്തായാലും മോശമായിട്ടില്ലാ ട്ടാ...പടവും അടിക്കുറിപ്പും !!

Sukanya said...

അപാരം. ചിത്രവും അതിലെ വയനാടന്റെ കാഴ്ചപ്പാടും എനിക്കിഷ്ടമായി. നന്മകള്‍ നേരുന്നു.

Micky Mathew said...

:)

നരിക്കുന്നൻ said...

ദേര മാർക്കറ്റിൽ ഞെണ്ടിനെ മാത്രേ കണ്ടൊള്ളൂ..

എനിക്ക് തോന്നുന്നത് വയനാടൻ എന്നെ പോലെ ഞെണ്ടിനെ തിന്നാറില്ലന്നാണ്. അല്ലങ്കിൽ അവിടെ കൊന്നു തള്ളിയ മത്തിയും, അയലയും, അയക്കോറയും, [എന്റെ സ്റ്റോക് തീർന്നു] ഒക്കെ ജീവനുള്ളതായിരുന്നെന്ന് തോന്നണമായിരുന്നു.

ചിത്രവും, ആ ചിന്തകളും എനിക്കിഷ്ടമായി. ഞെണ്ടിലേക്കൊതുക്കണ്ട.

the man to walk with said...

വിപണി വല്യ പ്രശ്നമാണ് ..ജീവിതവും നിലനില്‍പ്പും മരണവും നിശ്ചയിക്കുന്നത് അതത്രേ ..നന്നായി ഇഷ്ടായി

pattepadamramji said...

കൊന്ന പാപം തിന്നാ തീരും,വിറ്റാലും തീരുമായിരിക്കാം..കൊള്ളാം. നന്നായിരിക്കുന്നു.

Panicker said...

എങ്കിലും, വിറയ്ക്കുന്ന വിരലുകളിലൂടെ ആ ചിന്തകളുടെ സ്പന്ദനമറിയവേ ഞണ്ടിന്റെ ആത്മാവു അയാളോടു ക്ഷമിച്ചു.

ഒരു justification, അല്ലെ?

മനോഹരമായ, വേറിട്ട നിരീക്ഷണങ്ങള്‍ ...

raadha said...

കരയുമ്പോഴും മായ്ച്ചു കളയാൻ കഴിയാത്ത, തന്നെത്തന്നെ പരിഹസ്സിക്കുന്ന, ആ നരച്ചചിരി മാത്രം ബാക്കിയായി..

ഈ വരികള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ കരുതിയേനെ..വേട്ടക്കാരന്റെ മുഖത്ത് സങ്കടം കനുന്നില്ലെല്ലോ എന്ന്. അപ്പൊ ചിരിയുടെ രഹസ്യം ഇതാണ് അല്ലെ?

ഷൈജു കോട്ടാത്തല said...

നമ്മള്‍ സസ്യഭുക്കുകല്‍ക്കെ
ഇങ്ങനെ ചിന്തിയ്ക്കാന്‍ പറ്റൂ
എപ്പോഴെങ്കിലും പൊരിച്ച ചിക്കെന്‍
തിന്നുന്നത്‌ കാണേണ്ടി വരരുതു