08 August, 2010

തിരിച്ചു പോകൽ



" വിസ കഴിയുമ്പോഴേക്കും അവസ്സാനത്തെ വിസയ്ക്കുള്ള സമയമാകും കുട്ടിയേ"
നാട്ടിലേക്കു പോകുന്നത്നേക്കുറിച്ചു ചോദിച്ചപ്പോൾ, ഒരിക്കൽ മമ്മദ്ക്ക പറഞ്ഞു. ഷെവർമ്മ ഗ്രില്ലിന്റെ ചൂടിൽ പൊള്ളിക്കരിഞ്ഞ മുഖത്ത്‌ അപ്പോൾ കണ്ട ഭാവമേതാണെന്നു തിരിച്ചറിയാൻ കഴിയുമായിരുന്നില്ല.

ഒരു യന്ത്രം പോലെ, മറ്റൊന്നും ശ്രദ്ധിക്കാതെ മമ്മദ്ക്ക ഇറച്ചിയരിഞ്ഞു കൊണ്ടേയിരുന്നു. കൂടുതലൊന്നും ചോദിക്കണമെന്നു തോന്നിയില്ല.

വീണ്ടും പുറപ്പെടലുകളും എത്തിച്ചേരലുകളൂം ഓർമ്മവരുന്നു. ഒരു കണക്കിനു വേണ്ടാത്തൊരേർപ്പാടാണു.
ചിന്തിച്ചു ചിന്തിച്ചു എങ്ങുമെത്താതെ, ഒടുവിൽ റൂമിലെ ഇരുനില കട്ടിലിന്റെ അടിയിൽ തട്ടിൽ, ഇല്ലാത്ത സ്വകാര്യതയിൽ ബോധം നശിച്ചു കിടത്തും.

ഓന്നുമോർക്കാതിരിക്കാൻ ശ്രമിച്ച്‌,ബർ ദുബായിലെ ഇടുങ്ങിയ വഴികളിലൊന്നിലൂടെ തിരികെ നടക്കുമ്പോൾ എതിരെ വന്ന പലർക്കും, വളരെ പരിചിതമായ ഒരേ മുഖഛായ തന്നെയാണെന്നു തോന്നിപ്പോയി.

ഓരോ തവണ ഇവിടെ വന്നിറങ്ങുമ്പോഴും "പുറപ്പെടൽ", "എത്തിച്ചേരൽ" എന്നിങ്ങനെയുള്ള വലിയ രണ്ടു എഴുത്തു പലകകൾക്കിടയിൽ 'തിരിച്ചു പോകൽ" എന്നൊരു എഴുത്തിനു വേണ്ടി തേടി നടക്കുന്ന എന്റെ മുഖച്ഛായ തന്നെയായിരുന്നിരിക്കാമത്‌.


(കരിപ്പൂർ വിമാനത്താവളം)