
കണ്ടു മുട്ടിയതേങ്ങനെയെന്നോർക്കുന്നുവോ നീ.
ഒരു പെരുമഴക്കാലത്ത് നേർത്തൊരു വിത്തിനുള്ളിലൊതുങ്ങിയ ഭ്രൂണമായി പുഴയിലൊഴുകി വന്നതോർമ്മ വരുന്നു. ഗർഭത്തിൽ വച്ചേ അപമൃത്യു വരിക്കേണ്ടതായിരുന്നു.
ചുഴികളിൽ, കയങ്ങളിൽ, കുത്തൊഴുക്കുകളിൽ....
ഒടുക്കം വന്നടിഞ്ഞതു നിന്റെ മടിയിലായിരുന്നു. ഇവിടെയായിരുന്നു ജനനം, ശൈശവം, ബാല്യം, കൗമാരം. ഇന്നീ യൗവ്വനവും.
നമ്മൾ ഒരുമിച്ചു കണ്ട പ്രളയങ്ങൾ
കട പുഴകി വീഴ്ത്തിയേക്കുമെന്നു ഭയന്ന കൊടുങ്കാറ്റുകൾ..
അങ്ങനെയെന്തെല്ലാം..
എന്തായിരിക്കാം നമ്മെ ഇങ്ങനെ ചേർത്തു നിർത്തുന്നതു.
കൺതുറന്നാദ്യമായി വെയിൽ നാളം കണ്ടപ്പോൾ എന്റെ മുഖത്തു നീ കണ്ടതായി പറയുന്ന പുഞ്ചിരിയോ.
കല്ലായിത്തീർന്ന നിന്റെ ഹൃദയത്തിൽ നിന്നു നീ എനിക്കായി ചുരത്തിയൊരാ കന്മദമോ
അറിയില്ല.
തമ്മിൽ പേരു ചൊല്ലി വിളിച്ചിട്ടില്ലിതു വരെ.
എങ്കിലും, ഞാൻ നിന്നെയോ നീ എന്നെയോ എന്നറിയാത്ത വിധം പുണർന്നു നിൽക്കുമ്പോൾ ഇന്ന് ഒരിക്കൽ മാത്രം ഞാൻ അമ്മേ എന്നൊന്നു വിളിച്ചോട്ടേ
(കബനീ നദിയിൽ ഞങ്ങളുടെ കടവിൽ നിന്ന്)
9 comments:
ഹൃദയ സ്പര്‍ശിയായ പോസ്റ്റ്.
വിളിക്കുന്നതൊക്കെ കൊള്ളാം ഒടുക്കം അച്ഛന്‍ ആരാന്നു മാത്രം ചോദിക്കരുത്
നല്ല എഴുത്ത് ...ആരൊക്കെ തമ്മില്‍ എങ്ങനെയൊക്കെ ചേരുമെന്ന് ആര്‍ക്കറിയാം ..?
beautiful!!!
ഇത് തന്നെയാവും അവര്‍ പറഞ്ഞത്. അത്രക്കും മനോഹരം
അമ്മയെന്നു തന്നെ വിളിക്കേണ്ടതു്.
ഈയടുത്ത് ഞാനും കണ്ടു ഇതുപോലൊന്നു്, തമിഴ്നാട്ടിൽ. എങ്ങനെ ഈ പാറയിൽ ഇതു വളരുന്നു എന്നത്ഭുതപ്പെടുകയും ചെയ്തു.
എന്തോന്നടേ ഇത് :-)
ഒരാള്‍ പാറപ്പുറത്ത് രണ്ട് കൈയ്യും കുത്തി നില്‍ക്കുന്നതുപോലുള്ള ഒരു പടം
ആശംസകള്‍
നന്നായി എഴുതി
ഓഫ്:
വയനാട്ടിലെ പുല്‍പ്പള്ളിയില്‍ അമ്മാവന്റെ അടുത്ത് കുട്ടിക്കാലത്ത് പോയപ്പോഴാണ് കബനി കാണുന്നത്..കേരളത്തില്‍ കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഈ നദിയുടെ പേരാണ് എനിക്ക് കൂടുതല്‍ ഇഷ്ടം!..
ഇതൊക്കെ തന്നെയാവും അവര്‍ പറഞ്ഞിരിക്ക!! ഒരുപാട് ഇഷ്ടമായി..
എവിടെ, എങ്ങെനെ ചെന്ന് ചേരുമെന്ന് ആര്‍ക്കറിയാം..?! ചില ബന്ധങ്ങള്‍ക്ക് ഉത്തരമില്ല, നിര്‍വചനവും..
Post a Comment