പറന്നുനടന്നിരുന്ന കാഴ്ചകളിൽ ചിലതിനെ ഞാനെന്റെ തകര ക്യാമറയിൽ കുരുക്കി നിശ്ചലചിത്രങ്ങളാക്കി തടവിലാക്കി. ചിന്തകളിലിട്ടു ഞെരിച്ചു; സ്വപ്നങ്ങളിലിട്ടു മെതിച്ചു. ഒടുവിൽ ശേഷിച്ച അസ്ഥിപഞ്ഞരങ്ങളെ ജനലഴികളിൽ കെട്ടിയിട്ടു. മഴ തകർത്തുപെയ്ത ഇടവമാസ രാത്രികളിലൊന്നില്‍, മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിൽ ചിത്രങ്ങളെന്നോടു കഥ പറഞ്ഞു തുടങ്ങി. -വയനാടൻ
07 August, 2009
നിങ്ങൾ കണ്ടുവോ എന്റെ മുയൽക്കുഞ്ഞിനെ
രാത്രികൾക്ക് പകലുകളേക്കാൾ ദൈർഘ്യമുണ്ട് ഓർമ്മകളിൽ. രാത്രിക്കു വഴിയൊരുക്കാൻ സൂര്യനസ്തമിക്കും; തിരിച്ചു പോകുമ്പോൾ വഴികാട്ടാൻ പുലർച്ചേ തിരികേ വരും. പുഴ കടന്നു, ചെട്ടിയാരുടെ വയലും കടന്നു കാട്ടിലേക്കായിരുന്നിരിക്കണം അന്നു രാത്രികൾ നടന്നു മറഞ്ഞിരുന്നത്.
സന്ധ്യ മയങ്ങിയാൽ ചോറു വാരിത്താനായി അമ്മ മുറ്റത്തേങ്ങിറങ്ങും. ഒക്കത്തിരുന്നു വാശിയേതുമില്ലാതെ ചോറുണ്ണൂമ്പോൾ അമ്മ കഥകൾ പറഞ്ഞു തരും. അങ്ങനെയൊരിക്കൽ കാണിച്ചു തന്നതാണൊരു മുയൽക്കുഞ്ഞിനെ. കൈയ്യെത്താദൂരത്ത്, അമ്പിളി അമ്മാവന്റെ മടിയിൽ ചുരുണ്ടു മയങ്ങുന്നൊരു മുയൽക്കുഞ്ഞ്.
അമ്മയിലൂടെ, അമ്മ പറഞ്ഞ കഥകളിലൂടെ അവനെന്റെ കൂട്ടുകാരനാവുകയായിരുന്നു. ഒരിക്കലും പിരിയാതെ, അകലത്തിരുന്നാലും നെറുകിൽ തഴുകുന്നൊരു കാറ്റായി, ഉറക്കം നഷ്ട്ടപ്പെട്ട എത്രയെത്ര രാത്രികളില്‍ എന്നോടൊപ്പം അലഞ്ഞു തിരിഞ്ഞു , അവനെന്നും കൂടെയുണ്ടായിരുന്നു.
മനുഷ്യർ ചന്ദ്രനെ കീഴടക്കിയെന്ന ചരിത്രം പടിക്കുമ്പോൾ അവരെന്റെ മുയല്ക്കുഞ്ഞിനെ ഉപദ്രവിച്ചിരിക്കുമോ എന്ന ആശങ്കയായിരുന്നു എന്നെ വേട്ടയാടിയിരുന്നത്.
ഇന്നിപ്പോൾ സ്വപ്നത്തിൽ പോലും കാണാതിരുന്നത്ര അടുത്ത് ചന്ദ്രനേ കാണുമ്പോൾ ഞാനറിയുന്നു ഞാനെന്റേതെന്നു കരുതിയിരുന്ന അവനവിടെ ഇല്ലെന്നു.
ഓർമ്മകളുടെ ഏകാന്ത തീരങ്ങളിലൂടെ പോകുമ്പോളെപ്പൊഴെങ്ങിലും നിങ്ങൾ കണ്ടുവോ, മഞ്ഞിന്റെ നിറമുള്ള എന്റെ മുയൽക്കുഞ്ഞിനെ.
(2൦ എക്സ് സൂം ക്യാമറയില്‍ സനലേട്ടന്‍ പകര്‍ത്തിയത് )
Subscribe to:
Post Comments (Atom)
21 comments:
പണ്ട് കണ്ടിട്ടുണ്ട് അച്ഛന്റെ മടിയിലിരുന്ന് ഓലക്കിറുകള്‍ക്കിടയിലൂടെ ഈ മുയല്‍ക്കുഞ്ഞിനെ.....പിന്നെ വഴിയിലെവിടെയൊ ഒരു വെറും കഥയായ് ഓടി മറഞ്ഞു അത്.
പാവം മുയല്‍കുഞ്ഞ്! മനുഷ്യന്മാരെക്കണ്ട് അതു പേടിച്ചോടി..
ചന്ദ്രനെ അടുത്ത് കാണേണ്ടായിരുന്നു, മുയല്‍ക്കുഞ്ഞ് അവിടെ ഇല്ലെന്നറിയേണ്ടായിരുന്നു, ഇല്ലേ?
അതിപ്പോഴു അവിടെ തന്നെയുണ്ടല്ലോ... ഇന്നലെയും ഞാൻ എന്റെ കുഞ്ഞിനു അതു ചുണ്ടികാണിച്ചു കൊടുത്തുവല്ലോ...
മുയലെവിടെ എന്നാണു താങ്കളുടെ സന്ദേഹം. നിലാവെവിടെ എന്നാണു ഞാന്‍ അന്വേഷിക്കുന്നത്. മുമ്പ് എന്‍ റെ വീട് പാടത്തിന്‍ കരയിലായിരുന്നു. കുഞ്ഞുന്നാളില്‍ ഞങ്ങള്‍ നിലാവില്‍ മുങ്ങിക്കുളിച്ചു നീന്തിത്തുടിക്കുമായിരുന്നു.കുറച്ചു വലുതായപ്പോള്‍ നിലാവും മഞ്ഞും പാടത്ത് രതിരസങ്ങളിലേര്‍പ്പെടുന്നത് കണ്ടിരിക്കുന്നതില്‍ രസം കണ്ടെത്തി. ഇന്ന് പാടം തെങ്ങിന്‍പറംബായി മാറി. നിലാവിനെ നിഴല്‍ ഓടിച്ചിട്ടു പിടിക്കുന്ന കാഴ്ച്ച കാണാനാണു ഇപ്പോള്‍ വിധി.
കണ്ടിട്ടുണ്ട് ...ഒരുപാടു തവണ നോക്കി ഇരുന്നിട്ടും ഉണ്ട്
:)
കൊള്ളാം മാഷെ
ഞാനും എത്രയോ തവണ കൊതുകത്തോടെ നോക്കി നിന്നിരിയ്ക്കുന്നു ആ മുയല്‍ക്കുഞ്ഞിനെ...
"ഇന്നിപ്പോൾ സ്വപ്നത്തിൽ പോലും കാണാതിരുന്നത്ര അടുത്ത് ചന്ദ്രനേ കാണുമ്പോൾ ഞാനറിയുന്നു ഞാനെന്റേതെന്നു കരുതിയിരുന്ന അവനവിടെ ഇല്ലെന്നു."
ഇന്ന് പുതു തലമുറയിലെ കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുമ്പോള്‍ ആരെങ്കിലും ഈ മുയല്‍ക്കഥ അവരോട് പറയുന്നുണ്ടാകുമോ?
ബാല്യത്തിന്റെ മുയല്‍കുഞ്ഞ്...
എത്ര സന്തോഷകരമായിരുന്നു ആ കാഴ്ചകള്‍...ശാസ്ത്രമറിയാതിരുന്ന കാലത്ത് എന്തെല്ലാം സങ്കല്പങ്ങളായിരുന്നു....
കുഞ്ഞുന്നാളിലെ ഞാന്‍ കേട്ട കഥകളിലെല്ലാം മുയലായിരുന്നു നായകന്‍.ആമയുമായി പന്തയം വച്ച്തും,കുറുക്കച്ചനോട് വഴക്കുതീന്നു ഇനിപോകാമെന്ന് പറഞ്ഞതും ഈ മുയലല്ലേ.ജീവനുള്ള മുയലിനെ കാണുന്നത് പിന്നെയും എത്ര്യോ കഴിഞ്ഞിട്ടാണ്.നന്നായിട്ടുണ്ട്.ഒരുവേള പഴയ ഓര്‍മ്മകളിലേക്ക് എത്തിച്ചതിന് നന്ദി
ചിലപ്പോഴൊക്കെ എന്റെ കൂടെയും ഉണ്ടായിരുന്നു....
അതെന്നും അവിടെ തന്നെ ഉണ്ട്.
ആ മുയല്‍ക്കുഞ്ഞിനെ കാണാന്‍ അമ്മയുടെ ഒക്കത്തിരിക്കണം എന്നു മാത്രം.!
നല്ല പോസ്റ്റ് ... ഞാനും കണ്ടു മന:കണ്ണിലൂടെ ...
ഞാന്‍ ഇപ്പോഴും കാണാറുണ്ട് ആ മുയല്‍ കുഞ്ഞിനെ!! അത് അങ്ങനെ തന്നെ ആണെന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കി കൊണ്ടും ഇരിക്കുന്നു..അല്ലെങ്കില്‍ നമ്മുടെ ഒക്കെ ഉള്ളിലുള്ള കുട്ടി വളര്‍ന്നു പോവില്ലേ?
വയനാടന്‍..? ശരിക്കും..? ഞാനും..GOOD WELL SAID
മുയല്ക്കുഞ്ഞിനെ കാട്ടി തന്നു ചോറ് തരുന്ന അമ്മയുടെ സ്നേഹം .. വളര്‍ന്നു വന്നപ്പോള്‍ ..അറിവ് വന്നപ്പോള്‍ അങ്ങനെ ഒന്ന് അവിടെ ഇല്ലെന്നരിഞ്ഞപ്പോള്‍ നൊമ്പരം...നന്നായിട്ടുണ്ട്
Good writing. veendum ezhuthoo.
അത് കുഞ്ഞുങ്ങള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കു
പ്രയാൺ, കുമാരാ, എഴുത്തുകാരീ, വരവൂരാനേ,ഖാദർ,കണ്ണനുണ്ണീ,വശംവദൻ,അനൂപ്,ശ്രീ,സബിതാ,മണീ,സ്മിതാ,ശിവാ,വേണൂ,വിജയലക്ഷ്മീ,രാധാ,നെന്മേനീ,ശ്രീദേവീ,പൊട്ടസ്ലേറ്റേ,അരുൺ.. എന്റെ മുയൽക്കുഞ്ഞിനെ കണ്ടിട്ടുള്ളവർക്കെല്ലാം നന്ദി.
നിങ്ങളിലൂടെ ഞാനറിയുന്നു, മഞ്ഞിന്റെ നിറമുള്ള എന്റെ മുയൽക്കുഞ്ഞവിടെ തന്നെയുണ്ടെന്ന്.
മുയലിപ്പോള്‍ അങ്ങ് മരുഭൂമിയിലാണു,
അവിടെ പൂനിലാവില്‍ അവയിറങ്ങി വരും..
പുലരുവോളം ആയിരത്തൊന്നു കഥകള്‍ പറഞ്ഞു,
അറബിമക്കളോടൊപ്പം കഴിയുന്നു..സുഖമാണവിടെ
മുയലിനും അവന്‍റെ കൊച്ചുകൂട്ടുകാര്‍ക്കും...
മാവേലിക്കൊപ്പം ചിലപ്പോള്‍ നമ്മുടെ മുയല്‍ ഇവിടെ തിരിച്ചു വരും പക്ഷെ,ഒരു പ്രോട്ടോക്കോള്‍..
മുയലിറങ്ങിവരാനൊരു കുന്നില്ല!മലയുമില്ല,കൂടെയാടാനൊരു മൈലുമില്ല!!
ആകയാല്‍,നാടുഭരിക്കുന്നോരൊന്നടക്കം,“മുയലിനിറങ്ങാന്‍കുന്നും മലയും“ പുനസ്ഥാപിക്കുന്ന തിരക്കിലാ...
ക്ഷമിക്കൂ!എല്ലാം ശര്യാവും..സോദരേ!
Post a Comment