25 December, 2009

കണ്ണാടിയിൽ കാണാത്തത്‌


പൊട്ടിയ കണ്ണാടിയിൽ മുഖം നോക്കരുതെന്ന് കുഞ്ഞുനാളിലെന്നോ അമ്മ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത്‌ ആപത്തുകൾ കൊണ്ടു വരുമത്രെ.
ജനിച്ചതിനേക്കാൾ വലിയൊരാപത്ത്‌ ഇനി വരാനില്ലെന്നറിഞ്ഞിട്ടും, ഒരിക്കലും ഒരു രസത്തിനു പോലും പൊട്ടക്കണ്ണാടിയിൽ മുഖം നോക്കാൻ തോന്നിയിട്ടുമില്ല. പൊട്ടക്കണ്ണാടിയിലെന്നല്ല, കണ്ണാടിയിൽ പോലും.

ഞങ്ങളുടെ ഏതു ഭാവവും പ്രതിഫലിപ്പിക്കാൻ, കണ്ണാടിയേക്കാളും തിളക്കത്തിൽ അമ്മയുടെ മുഖം തെളിഞ്ഞു നിൽക്കുന്നതായിരിക്കാം ഒരുപക്ഷേ കാരണം.

രാവിലെ കുളിപ്പിച്ചൊരുക്കി സ്കൂളിൽ വിടാൻ നേരം നെറ്റിയിൽ ചന്ദനക്കുറി വരച്ചു തരുമ്പോൾ അമ്മയുടെ കണ്ണുകളിൽ നോക്കിയാൽ മതിയായിരുന്നു ആ കുറിയുടെ നീളവും ആഴവും അറിയാൻ.
അമ്മ തന്നെയായിരുന്നു ഞങ്ങളുടെ കണ്ണാടി. അതോ കണ്ണാടിയും അമ്മയും ഒന്നാവുകയായിരുന്നോ.

പഴയ ചന്ദനക്കുറികളെല്ലാം എന്നേ നഷ്ടമായിക്കഴിഞ്ഞൂ.

കൂട്ടിച്ചേർക്കാനാവാത്ത വിധം പൊട്ടിച്ചിതറിപ്പോയ ഒരു കണ്ണാടി പോലെ ഓർമ്മകൾ പെറുക്കിയെടുത്ത്‌ ഈ മണലാരണ്യത്തിൽ നാളുകൾ തീർക്കുമ്പോൾ ഞാനിപ്പോഴും കണ്ണാടി നോക്കാറില്ല, കാരണം ഞാൻ കരഞ്ഞു കാണുന്നത്‌ അമ്മയ്ക്കു സഹിക്കില്ല.

(ഞങ്ങളുടെ ചിന്നുക്കുട്ടി)
അനിയനോട്‌ പറയണം ഈ പോസ്റ്റ്‌ അമ്മയ്ക്ക്‌ കാണിച്ചു കൊടുക്കരുതെന്നു; എന്തിനാ അമ്മയെ വെറുതെ കരയിപ്പിക്കുന്നത്‌.

16 comments:

Rare Rose said...

കണ്ണാടി പോലെ തന്നെ നമ്മളെ തെളിയിച്ചെടുക്കാനുള്ള സ്നേഹവാത്സല്യങ്ങള്‍ കൂടെയുണ്ടാവുമ്പോള്‍ എന്തിനു മറ്റു കണ്ണാടിക്കാഴ്ചകളല്ലേ..ചെറുതെങ്കിലും ഹൃദ്യം ഈ ഓര്‍മ്മകള്‍..

Typist | എഴുത്തുകാരി said...

വേണ്ട, അമ്മയെ കരയിപ്പിക്കണ്ട, ഇപ്പഴല്ല, ഒരിക്കലും.

the man to walk with said...

പൊട്ടിയ കണ്ണാടികള്‍ കാണാത്ത ചിത്രങ്ങള്‍ കാണിച്ചു തരും ഇരട്ടിച്ചും ഇരുട്ടിച്ചും
ഇഷ്ടായി.. ആശംസകള്‍

ആർദ്ര ആസാദ് said...

അമ്മയെ ഓർമ്മവരുന്നു....
പിന്നെയെന്റെ മോളെയും....

ഭൂതത്താന്‍ said...

നല്ല പോട്ടം ...കൂടെ ആ കുറിപ്പും

Anil cheleri kumaran said...

രാവിലെ കുളിപ്പിച്ചൊരുക്കി സ്കൂളിൽ വിടാൻ നേരം നെറ്റിയിൽ ചന്ദനക്കുറി വരച്ചു തരുമ്പോൾ അമ്മയുടെ കണ്ണുകളിൽ നോക്കിയാൽ...

Unknown said...

നല്ല പോട്ടം തന്നെ ..ആ കുഞ്ഞു പൈങ്കിളിക്കൊരുമ്മ

അഭിജിത്ത് മടിക്കുന്ന് said...

ഗൃഹാത്വരതയുണര്‍ത്തുന്ന പോസ്റ്റ്.
ചിത്രവും കുറിപ്പും ഇഷ്ടായി.

sHihab mOgraL said...

കണ്ണാടിയെ നൂറു കഷ്ണങ്ങളാക്കി നോക്കിയപ്പോഴും ഓരോന്നിലും ഞാനേകനായിരുന്നു.. എന്നര്‍ത്ഥമുള്ള ഹിന്ദി ഗാനം ഓര്‍മ്മ വരുന്നു...

Seek My Face said...

നല്ല ചിത്രം ...വായിച്ചപ്പോള്‍ എന്തൊക്കെയോ ഓര്‍മ്മകള്‍ ....

Sukanya said...

"പഴയ ചന്ദനക്കുറികളെല്ലാം എന്നേ നഷ്ടമായിക്കഴിഞ്ഞൂ. "

പക്ഷെ ഓര്‍മകളും അമ്മയും എന്നും കൂട്ടിനുണ്ടല്ലോ?
എന്തു നല്ല വരികള്‍.

ഇന്ന് എന്‍റെ അമ്മ വിട്ടുപോയിട്ട് 22 വര്‍ഷം തികഞ്ഞു. എല്ലാ അമ്മമാര്‍ക്കും നന്മകള്‍ മാത്രം ഉണ്ടാവട്ടെ. കൂടെ അമ്മയെ സ്നേഹിക്കുന്നവര്‍ക്കും.

പ്രയാണ്‍ said...

വല്ലാതെ വിഷമം തോന്നി വായിച്ചപ്പോള്‍.......ഇത്രയും സ്നേഹിക്കപ്പെടുന്ന ആ അമ്മക്കും ഈ മകനും എല്ല ആശംസകളും നേരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ കണ്ണാടിയിൽക്കൂടി ആ അമ്മയുടെ കണ്ണിൽ കൂടി എല്ലാ അമ്മമാരുടെ മനസ്സും കാണാൻ സാധിച്ചു കേട്ടൊ...

sahayathrikan said...

" കൂട്ടിച്ചേർക്കാനാവാത്ത വിധം പൊട്ടിച്ചിതറിപ്പോയ ഒരു കണ്ണാടി പോലെ ഓർമ്മകൾ പെറുക്കിയെടുത്ത്‌ ഈ മണലാരണ്യത്തിൽ നാളുകൾ തീർക്കുമ്പോൾ ഞാനിപ്പോഴും കണ്ണാടി നോക്കാറില്ല, കാരണം ഞാൻ കരഞ്ഞു കാണുന്നത്‌ അമ്മയ്ക്കു സഹിക്കില്ല."

ഓരോ പ്രവാസിയുടെയും ജീവിതത്തെ കുറിച്ച്
ഇതിലധികം പറയാന്‍ കഴിയില്ല .
ചിത്രവും കുറിപ്പും ഹൃദയസ്പര്‍ശം.

എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!

കുക്കു.. said...

touching..words!
.............
happy new year
:)

khader patteppadam said...

അമ്മ മനസ്സിന്റെ കണ്ണാടി.