മുതിർന്നവർ 'ആടു തള്ള'യെന്നും ഞങ്ങൾ കുട്ടികൾ 'ആടമ്മ'യെന്നുമാണു വിളിച്ചിരുന്നത്. കൂനിക്കൂടി, പ്രാഞ്ചി പ്രാഞ്ചി നടക്കുന്നൊരു കുഞ്ഞു രൂപം. പുഴക്കരയിൽ, മഴ വീണാൽ ചോർന്നൊലിക്കുന്നൊരു കുടിലിൽ ആടുകളോടൊപ്പം താമസം.
ആകെയുള്ളൊരു മകൻ ഇടയ്ക്കെപ്പോഴോ കുടുംബത്തോടൊപ്പം താമസ്സം മാറി പട്ടണത്തിലേക്കു പോയി.
പുലരും മുമ്പേയെത്തുമായിരുന്നു പടിക്കൽ. വയലിൽ നിന്നും ശേഖരിച്ച പേരറിയാത്ത പക്ഷിമുട്ടകൾ അമ്മയെ ഏൽപ്പിക്കും, കുട്ടികൾക്കു പുഴുങ്ങിക്കൊടുക്കണമെന്നു പറയും. തിരിച്ചൊന്നും കൈപ്പറ്റാതെ പടി കടന്നു പോകും.
ഒരിക്കൽ ആടമ്മ വീണു; വീഴ്ചയുടെ വേദനയേക്കാൾ അനാഥരായിത്തീർന്ന തന്റെ ആട്ടിൻ കുട്ടികളെയോർത്താണു അന്നവർ കരഞ്ഞത്.
നാട്ടുകാരെ പേടിച്ചിട്ടായിരുന്നിരിക്കണം മകൻ വന്ന് അവരെ കൂട്ടിക്കൊണ്ട് പോയി.
ആടമ്മയെക്കുറിച്ചു പിന്നീട് കുറേ നാളത്തേക്കു ഒരു വിവരവുമുണ്ടായിരുന്നില്ല.
നഗരത്തിലേക്കു പഠനം മാറിയ കാലം. ഒരു ദിവസം സ്കൂൾ വിട്ടു വരുമ്പോൾ, വഴിയരികിൽ കണ്ട ഭിക്ഷ യാചിക്കുന്ന പഴന്തുണിക്കെട്ട് ആടമ്മയാണെന്നു തിരിച്ചറിയാൻ കുറച്ചധികം സമയമെടുത്തു. എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴറിഞ്ഞു കുറച്ചു നാളുകളായി ആടമ്മയെ മകൻ ഉപേക്ഷിച്ചിട്ടെന്ന്. ഉപേക്ഷിക്കപ്പെടുന്നതിന്റെ വേദന മനസ്സിലാക്കാൻ മാത്രം ബുദ്ധിയുറച്ചിട്ടില്ലാത്ത പ്രായമായിരുന്നതു കൊണ്ട് തന്നെ ഏറെ വൈകാതെ ആ കഥകളെല്ലാം മറന്നു പോയി.
പിന്നീടറിഞ്ഞു ആ വഴിയരികിലെവിടെയോ കിടന്നു തന്നെ ആടമ്മ മരിച്ചു പോയെന്ന്.
എല്ലാ ആടമ്മമാരും ഇങ്ങനെയാണു.
ജീവൻ പകുത്തു നൽകി ജന്മ്മം തരും. രക്തം പാലാക്കി മാറ്റി ഊട്ടി വളർത്തും. ഒക്കത്തും മടിയിലുമിരുത്തി പാഠങ്ങൾ ചൊല്ലിത്തരും, പിച്ച വെയ്പ്പിക്കും, നടക്കാൻ പഠിപ്പിക്കും. ഒടുവിൽ ഒരിക്കൽ പുതിയ തീരങ്ങൾ തേടി ആട്ടിൻ കുട്ടികൾ ഓടിയകലുമ്പോൾ പരാതിയേതുമില്ലാതെ പ്രാർത്ഥനകളിൽ മുഴുകി, കാടു പിടിച്ചൊരോർമ്മയായ് മാറും. അപ്പോഴും ഉള്ളിലവശേഷിച്ചിരിക്കുന്നുണ്ടാവും ഇനിയുമൊരായിരം ആട്ടിൻ കുട്ടികളെ പോറ്റി വളർത്താനും പോന്നൊരു നനവ്.
(ഇന്നു മനസ്സിലാക്കാൻ പറ്റുന്നു ഉപേക്ഷിക്കപ്പെടുന്നതിന്റെ വേദന. അന്ന് ആ വഴിയരികിൽ വച്ചു കൊടുക്കാൻ കഴിയാതെ പോയൊരു ഭിക്ഷ ഇന്നും ഉള്ളിലെവിടെയോ ഗതി കിട്ടാതലയുന്നുണ്ട്)
ഞങ്ങളുടെ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ബംഗ്ലാവുകളിലൊന്നു
9 comments:
ഹൃദയസ്പർശിയായ കുറിപ്പ്....
എല്ലാ ആടമ്മമാര്‍ക്കുമായി ഒരിറ്റു കണ്ണീര്‍.... അതെങ്കിലും നല്‍കൂ നെറികെട്ട ലോകമേ!!
പാവം, തലക്കെട്ട് ആടമ്മ എന്നിട്ടാല്‍ മതിയായിരുന്നു.
ഇതുപോലെയൊരു അമ്മയെപ്പറ്റി ഒരു ഫീച്ചര്‍ ടിവിയില്‍ വന്നിരുന്നു. ഇവര്‍തന്നെയാണോ? പക്ഷെ അധികകാലമായിട്ടില്ല.കണ്ടപ്പോള്‍ ശരിക്കും സങ്കടം തോന്നിയിരുന്നു.
"ഞങ്ങളുടെ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ഫോറെസ്റ്റ് ബംഗ്ലാവുകളിലൊന്നു"
ഇതെന്താണെന്നു മനസിലായില്ല
പിന്നെ ആടമ്മ ... സ്വന്തം അമ്മയെ സംരക്ഷിക്കാതവന്‍ മനുഷ്യനല്ല ...
പലപ്പോഴുമെന്ന പ്ലെ ഹൃദയത്തില്‍ തൊട്ട ഒരു പോസ്റ്റ് കൂടി...
ആടമ്മ വേദനിപ്പിയ്ക്കുന്നു...
നമ്മള്‍ പുതിയ തലമുറ നന്ദിയില്ലാത്ത ആട്ടിന്‍ പറ്റം.
എത്ര ആടമ്മമാര്‍ നമുക്ക് ചുറ്റും..
പണവും സ്വാർത്ഥതയും വർദ്ധിക്കുമ്പോൾ ആടമ്മമാർ സമൂഹത്തിൽ പെരുകുന്നു..
ഒന്നും പറയാന്‍ വയ്യ..!! നാം നാളത്തെ ആടമ്മമാര്‍(ആടച്ചന്മാര്‍).!! അല്ലാതെന്തു പറയാന്‍..!
Post a Comment