
ഒരു ലക്ഷ്യവുമില്ലാത്ത പതിവു യാത്രകളിലൊന്നിലാണൊരു പാതിരായ്ക്കു കടൽത്തീരത്തെത്തിയത്. ആളുകളെല്ലാമൊഴിഞ്ഞ് ഉറക്കത്തിലാഴാൻ തുടങ്ങിയ മണൽത്തീരം ഇരുളാണ്ടു കിടന്നു.
ഉള്ളിലെങ്ങോ ഉറങ്ങിക്കിടക്കുന്ന പോയകാലത്തിന്റെ ഓർമ്മകളിലാവണം തീ കൂട്ടാൻ തോന്നിയത്. കുറച്ചു നേരത്തെ ശ്രമം കൊണ്ടു തന്നെ ഒരു തീക്കുണ്ഠമൊരുങ്ങി. ചുറ്റും കൂടിയിരുന്നു.
ഉയരുന്ന തീനാളങ്ങൾക്കൊപ്പം ഓർമ്മകളുമുയരുകയായി.
വയലിനരികിൽ, രാത്രി നെല്ലിനു കാവലു കിടക്കുന്നവർ കൂട്ടുന്ന തീ. കാടിനോടു ചേർന്നുള്ള കുടിലിൽ രാത്രി 'ആടുതള്ള' നിർത്താതെ കത്തിച്ചിരുന്ന തീ. പുഴയരികിലുള്ള മുളങ്കാടുകൾ മുഴുവൻ മീനമാസ്സത്തിലെ ഒരുരാത്രി കൊണ്ടു അപ്രത്യക്ഷമാക്കിയ തീ. പുഴയിലേക്കിറങ്ങുന്ന ഇടവഴിയിൽ മഞ്ഞു വീഴുന്ന പുലർച്ചകളിൽ ഞങ്ങൾ കുട്ടികൾ തണുപ്പകറ്റാനായി കൂട്ടിയിരുന്ന തീ......
"ഇതുപോലെ തീയുടെ ഇത്രയുമടുത്തിരിക്കാൻ പണ്ട് വീട്ടിൽ നിന്നും സമ്മതിക്കില്ലായിരുന്നു, ചോര വറ്റുമെന്നും പറഞ്ഞ്"
സുഭാഷിന്റെ ശബ്ദമാണു ഓർമ്മകളിൽ നിന്നുമുണർത്തിയത്, ഞാൻ പറയാൻ തുടങ്ങിയതാണു നീ പറഞ്ഞു നിർത്തിയതെന്ന് അവനോടു പറഞ്ഞില്ല. അല്ലെങ്കിലും ചില അനുഭവങ്ങളും ഓർമ്മകളും അങ്ങനെയാണു, പല നാടുകളിലാണെങ്കിലും ഒരു പോലെ..
നേരം പുലർന്നു തുടങ്ങിയിരിക്കുന്നു. നാട്ടിലിപ്പോൾ വെളിച്ചം വീണുതുടങ്ങിയിരിക്കണം.
മണൽ വാരിയിട്ടു തീകെടുത്തി, ഞങ്ങൾ കടൽക്കരയിൽ നിന്നും നടന്നു, അപ്പോഴും മണൽക്കൂനയ്ക്കിടയിൽ നിന്നും ചെറുതായി പുക ഉയരുന്നുണ്ടായിരുന്നു. കടൽക്കാറ്റ് വീശുന്നു, നേരിയ തണുപ്പുമുണ്ട്.
വെറുതെയൊന്നോർത്തു നോക്കി, നാട്ടിലിപ്പോൾ തണുപ്പുണ്ടാവുമോ, പുഴയിലേക്കിറങ്ങുന്ന വഴിയിൽ കരിയിലയും മുളകളും കത്തിച്ച് ആരെങ്കിലും തീകായുന്നുണ്ടാവുമോ... കാറ്റിൽ, ഉള്ളിലെവിടെയോ, ചാരം മാറി ഇനിയും മരിക്കാൻ ബാക്കിയുള്ള കനലുകൾ തെളിഞ്ഞ് തീ കത്തിത്തുടങ്ങി.
(ഖോർ ഫക്കാൻ ബീച്ചിൽ ഒരു പുലർച്ചേ)
15 comments:
ചാരം മാറി ഇനിയും മരിക്കാൻ ബാക്കിയുള്ള കനലുകൾ തെളിഞ്ഞ് തീ കത്തിത്തുടങ്ങി.
www.tomskonumadam.blogspot.com
തീ...തീ പോലെ കത്തിപ്പടരുന്ന ഓർമ്മകൾ ...വരികളിലൂടെയൊഴുകിപ്പോയപ്പോൾ എന്റെ നെഞ്ചിലും പടരുന്നല്ലോ ഭായീ..
ആശംസകൾ !!
ഓര്‍മ്മകളൊ അതോ അനുഭവമോ എന്ന് തോന്നിപ്പോയി..
"ഇതുപോലെ തീയുടെ ഇത്രയുമടുത്തിരിക്കാൻ പണ്ട് വീട്ടിൽ നിന്നും സമ്മതിക്കില്ലായിരുന്നു, ചോര വറ്റുമെന്നും പറഞ്ഞ്"
brlliant!
തീയുടെ ശീതളിമയില്‍ ഒരു ദിവസം..
വെറുതെയൊന്നോർത്തു നോക്കി..!ഞാനും. :)
!!! കനലുകൾ തെളിഞ്ഞ് തീ കത്തിത്തുടങ്ങി.
നല്ല എഴുത്ത്...ആശംസകള്‍
മരിക്കാൻ ബാക്കിയുള്ള കനലുകൾ ശരിക്കും തെളിഞ്ഞ് തീ കത്തിത്തുടങ്ങി...........
............ കോര്‍ഫക്കാനില്‍ കടലില്‍ മുങ്ങി കുടിച്ച ഉപ്പുവെള്ളത്തിന്റെ രുചി വായില്‍.
നാട്ടിലിപ്പോള്‍ തണുപ്പുണ്ട്. പക്ഷേ തീ കാഞ്ഞിട്ടെത്ര നാളായി.
കുറച്ചുവരികൾ കോണ്ട് ഒരുപാട് പറഞ്ഞതുപോലെ.
മനോഹരമായ രചന.
ഓര്‍മ്മത്തീയുടെ സുഖമുള്ള ചൂട്! :)
ഈ രചന ഒരു കാറ്റ് വന്ന് ചാരം മൂടികിടന്ന ഓര്‍മകളെ തഴുകി വീണ്ടും ജ്വലിച്ചു തുടങ്ങുന്നു
നന്നായി മാഷേ
briliant!
സംഹാരതാണ്ടവമാടുന്ന അഗ്നിയെക്കുറിച്ച് ഒരു കൊച്ചു കഥ.
കൊള്ളാം സുഹൃത്തെ.
Post a Comment