13 December, 2010

മണൽത്തരികളുടെ ചരിത്രം


തുപോലെ ഒരുപാടു നാളുകൾ കഴിഞ്ഞു വിളിക്കുമ്പോൾ പണ്ടായിരുന്നെങ്കിൽ നീയെന്നോട്‌ പിണങ്ങുമായിരുന്നു . നിന്നെക്കുറിച്ചൊന്നു ഓർക്കുക പോലും ചെയ്യാതിരുന്നതിൽ ഞാനും പശ്ചാത്തപിച്ചേനെ.

ഇന്നിതെന്തു പറ്റി സുനീറാ...
പരിഭവത്തിന്റെ ചെറിയൊരല പോലും നിന്റെ ശ്വാസത്തിലില്ലല്ലോ.
നിന്നെ സമാധാനിപ്പിക്കാനായി പറയണമെന്ന്കരുതിയിരുന്നതെല്ലാം ഞാനും മറന്നു പോയി.

നീ മണൽത്തരികൾ കണ്ടിട്ടില്ലേ സുനീറാ
കൂർത്ത, പരുപരുത്ത ക്രൗര്യമാർന്ന ഭൂതകാലത്തിൽ നിന്നും കാലദേശാന്തരങ്ങളിലൂടെ തീർത്ഥാടകരായി അലഞ്ഞു അനുഭവങ്ങളുടെ ചൂളയിൽ മൃദുലരും സൗമ്യരുമായിത്തീരുന്നതു..

നമ്മളും മാറുകയാണു.
ഞാൻ നിന്നെയോ നീ എന്നെയോ ഓർത്തില്ലെന്ന പരാതികൾ നമുക്കിനി വേണ്ട

പിന്നിലടഞ്ഞ വാതിലുകളെക്കുറിച്ചോർത്തു ദുഃഖിക്കാതെ
മുന്നിൽ നമുക്കായി തുറന്നു കിടക്കുന്ന വഴികളെക്കുറിച്ച്‌ മാത്രം നമുക്കു വാചാലരാകാം.
വരാനിരിക്കുന്ന പുലരികളെയോർത്ത്‌ നമുക്കു രാവുകൾ ചിലവഴിക്കാം.

ചൂടും തണുപ്പും കാറ്റും മഴയും വെയിലുമെല്ലാം നമ്മിലേക്കേറ്റു വാങ്ങാം.

ഒടുവിലൊരിക്കൽ നമ്മളും മണൽത്തരികളായി മാറും

അന്നു മലകളും വയലുകളും പുഴകളും കടന്നു സഞ്ചരിക്കുമ്പോൾ നമുക്ക്‌ കാറ്റിനോട്‌ മാത്രം പറയണം നമ്മൾ മണൽത്തരികളായി മാറിയ കഥ.

(ഒമാൻ ഹത്ത റൂട്ടിൽ ഒരിടത്ത്‌)


3 comments:

രമേശ്‌ അരൂര്‍ said...

വെറുതെ ഒരു മന്ദസ്മിതം മാത്രം :)

ശ്രീജ എന്‍ എസ് said...

മാറ്റങ്ങള്‍..മൃദുലവും സൌമ്യവും ആകുന്ന മണല്‍ തരികള്‍..അല്ലെ...ഇഷ്ടമായി ഈ വരികള്‍ ..

മഴവില്ലും മയില്‍‌പീലിയും said...

മനോഹരമായി എഴിതിയിരിക്കുന്നു
!!!!!!.