09 October, 2009

മരണത്തിലും അഴിയാത്ത ബന്ധങ്ങൾ


ളിരും പൂവും കായുമണിയാൻ തുടങ്ങിയ യൗവ്വന കാലത്ത്‌, അരികത്തെ അരയാലിൽ നിന്ന് ഒരോർമ്മത്തെറ്റു പോലെ ഇറങ്ങി വന്നതാണൊരു വേരു. മണ്ണിന്റെ ഗർഭത്തിലെവിടെയോ നനവു തേടിയിറങ്ങിയതാണെന്നാണു കരുതിയത്‌.
പിന്നീടെപ്പൊഴോ ഒരു നനുത്ത പുലർക്കാല സ്വപ്നം പോലെ അതെന്നെ ചുറ്റുകയായിരുന്നു, ഞാൻ പോലുമറിയാതെ.
മണ്ണിലേക്കുള്ള യാത്ര എന്നിൽ അവസ്സാനിപ്പിക്കുമ്പോൾ, തേടിയിറങ്ങിയ നനവ്‌ ഒരുവേള എന്നിൽ കണ്ടെത്തിയതായിരിക്കുമോ.

വേനലും വർഷവും പലതു മാറി വന്നപ്പോൾ, ആലിംഗനത്തിന്റെ ആക്കവും ഏറി വന്നു. ആ തോളിൽ തലചായ്ച്ചു നിൽക്കുമ്പോൾ കൊടുങ്കാറ്റും പേമാരിയും വസന്തം പോലെ സുന്ദരമായിരുന്നു.

എന്നായിരുന്നു ദേഹമിടറിത്തുടങ്ങിയത്‌. ചില്ലകളിൽ കൂടു കൂട്ടിയിരുന്ന പറവകൾ പറന്നകന്നത്‌. ഓർമ്മകൾ നഷ്ടമായിത്തുടങ്ങിയത്‌. ഒടുവിലെന്നോ, ജീവന്റെ അവസ്സാന കണികയും എന്നെ ഉപേക്ഷിച്ചത്‌.
എന്നിട്ടും, ഇന്നും അയഞ്ഞിട്ടില്ല ഈ വേരിന്റെ ആശ്ലേഷം.

അല്ലെങ്കിലും ചില ബന്ധങ്ങളങ്ങനെയാണു. ഭൂതകാലത്തിന്റെ ആഴങ്ങളിലെങ്ങോ തുടങ്ങി, വർത്തമാനവും ഭാവിയും കടന്ന്, വാർദ്ധക്യവും ജരാനരകളും താണ്ടി മരണത്തിൽ പോലുമഴിയാതെ അങ്ങനെ...

അവശേഷിച്ച എന്റെ ജഡവും താങ്ങി നിൽക്കുമ്പോൾ ഈ വേരു സ്വപ്നം കാണുന്നുണ്ടാവുമോ, മണ്ണിലലിഞ്ഞു, ഞാൻ തളിരായ്‌ പുന്ര്ജ്ജനിക്കുന്നൊരു പകലിനെ

(കാട്ടിലെ കൊല്ലിയിൽ കുളിക്കാൻ പോകും വഴി കണ്ടത്‌)

28 comments:

സന്തോഷ്‌ പല്ലശ്ശന said...

നന്നായി ഈ കാഴ്ച്ചയുടെ ആര്‍ദ്ര വായന... കാഴ്ച്ചക്കപ്പുറം കടക്കുന്നു ചെല്ലുന്ന അകക്കണ്ണ്‌....

Anil cheleri kumaran said...

നല്ല വരികള്‍.

Areekkodan | അരീക്കോടന്‍ said...

):

Unknown said...

"അല്ലെങ്കിലും ചില ബന്ധങ്ങളങ്ങനെയാണു. ഭൂതകാലത്തിന്റെ ആഴങ്ങളിലെങ്ങോ തുടങ്ങി, വര്‍ത്തമാനവും ഭാവിയും കടന്ന്, വാര്‍ദ്ധക്യവും ജരാനരകളും താണ്ടി മരണത്തില്‍ പോലുമഴിയാതെ അങ്ങനെ..."
തീര്‍ച്ചയായും... ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നതും വിരളമല്ല...

മണിഷാരത്ത്‌ said...

നല്ല ഭാവന,,,മനോഹരമായിരിക്കു ചിത്രവും

കുഞ്ഞായി | kunjai said...

മറ്റ് ഫോട്ടോ പോസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി,ഒരു കാഴ്ച അതിന് താങ്കള്‍ നല്‍കുന്ന വിവരണം രണ്ടും കൂടിയാവുമ്പോള്‍ പല ചിത്രങ്ങളും മനസ്സില്‍ തങ്ങി നില്‍ക്കുന്നു,പ്രത്യേകിച്ച് നാടിന്റെ ഗന്ധമുള്ളവ ...മരമണിയുടെ മരമണിപോലെ ...താ ഇപ്പോള്‍ മരണത്തിലും അഴിയാത്ത ബന്ധങ്ങള്‍..... ഈ പുതുമ നിലനിര്‍ത്താന്‍ കഴിയട്ടെ
അഭിനന്ദനങ്ങള്‍

Typist | എഴുത്തുകാരി said...

എന്തു ഭംഗിയായിട്ടാ പറഞ്ഞിരിക്കുന്നതു്!

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി വയനാടന്‍..

ഷെരീഫ് കൊട്ടാരക്കര said...

ചിത്രമാണോ അടിക്കുറിപ്പാണോ മനോഹരമെന്നു പറയാൻ സാധിക്കാത്ത ഒരെണ്ണം!

Seek My Face said...

വളരെ നല്ല ചിത്രം....
അതിലും നല്ല വരികള്‍...
സമ്മതിക്കതിരിക്കാന്‍ വയ്യ മാഷേ...

ഗീത said...

എത്ര സുന്ദരമായ ഭാവന!
ആ അരയാലിപ്പോഴും ജീവിച്ചിരിക്കുന്നോ? എങ്കില്‍ അതിന്റെ ആത്മാവിനും കാണുമല്ലോ ഇതുപോലൊന്നു പറയാന്‍ - വേര്,മണ്ണിലേക്കുള്ള യാത്ര വേണ്ടെന്നു വച്ച് ഈ ശാഖിയെ തന്നെ കെട്ടിപ്പുണര്‍ന്നു നിന്നേയ്ക്കാമെന്നു നിനച്ചതെന്തേ എന്ന്‌ !

നനവ് said...

ജീവന്റെ പുസ്തകത്തിലെ വരികൾ വിചിത്രങ്ങളാണ്...വായിക്കാനറിയാവുന്നവർ ആനന്ദിക്കുന്നു..

Sukanya said...

ഈ ദൃശ്യം കാണേണ്ട ആള്‍ തന്നെ കണ്ടതും ഒരു ദൈവ നിശ്ചയാമായിരിക്കും. ഇത്ര മനോഹരമായി ഈ ബന്ധം വര്‍ണിക്കാന്‍ വയനാടനെ കഴിയൂ. അഭിനന്ദനങ്ങള്‍.

പ്രയാണ്‍ said...

ഒന്നും കാണാനില്ല.........

ജ്വാല said...

വേരുകളുടെ ആശ്ലേഷം!ഇപ്പോള്‍ അപൂര്‍വ്വമാകുന്ന ഒരു അനുഭവം.നന്നായി

khader patteppadam said...

ആ ബന്ധം ഒരു ബന്ധനമായിരുന്നോ..? ചില ബന്ധങ്ങള്‍ അങ്ങിനെയാണു.

nalini said...

നന്നായിട്ടുണ്ട് പടവും അനുബന്ധവും !!

hshshshs said...

പടങ്ങൾ ചൊല്ലുന്നനവധി നമ്മോ-
ടതിലും മേലേ വരികൾ ചേലിൽ !!
നല്ലതു... ആശംസകൾ !!

ramanika said...

valare nannayittundu ee post!

raadha said...

സുന്ദരമായ കവിത പോലെ എഴുതിയ വര്‍ണന..വായിച്ചിട്ടും വായിച്ചിട്ടും മതിയായില്ല..മനോഹരം!!!

SreeDeviNair.ശ്രീരാഗം said...

ബന്ധങ്ങള്‍
ബന്ധനങ്ങള്‍...?

ആശംസകള്‍

ശ്രീ said...

നന്നായി എഴുതിയിരിയ്ക്കുന്നു, മാഷേ. ഒരു നനുത്ത പുലർക്കാല സ്വപ്നം പോലെ...

the man to walk with said...

പരസ്പരം പുണര്‍ന്നു പോയ ആത്മാവിന്റെ തുടിപ്പുകള്‍ ..ഈറനണിയിഞ്ഞ കുറിപ്പ് ഇഷ്ടായി

ദൃശ്യ- INTIMATE STRANGER said...

അല്ലെങ്കിലും ചില ബന്ധങ്ങളങ്ങനെയാണു. ഭൂതകാലത്തിന്റെ ആഴങ്ങളിലെങ്ങോ തുടങ്ങി, വർത്തമാനവും ഭാവിയും കടന്ന്, വാർദ്ധക്യവും ജരാനരകളും താണ്ടി മരണത്തിൽ പോലുമഴിയാതെ അങ്ങനെ...

മരണത്തിനും പിരിക്കാനാവില്ല ചില ബന്ധങ്ങളെ

ഇഷ്ടമായി രചന ഒരുപാട്

താരകൻ said...

മണ്ണിലലിഞ്ഞ്,തളിരിലകൺ തുറന്ന്,വീണ്ടും നമ്മളീ മണ്ണിൽ വേരുറപ്പിക്കും...സുഹൃത്തെ വയനാടാ ..നന്നായെടാ

OAB/ഒഎബി said...

എന്തിലും ഒരു കാഴ്ചയുണ്ട് എനിക്ക്.
അത് നല്ല വരികളാക്കി മാറ്റാൻ നിന്നെപ്പോലുള്ളവർക്ക് സാധിക്കും.
നന്ദിയോടെ....

skcmalayalam admin said...

നന്നായിരിക്കുന്നു,...

ഷൈജു കോട്ടാത്തല said...

വയനാടന്‍ കാട്.
പഴശ്ശി രാജാ കണ്ടപ്പോള്‍ തീരുമാനിച്ചതാണ്
വരണമെന്ന്
ഇനി പോകുമ്പൊള്‍ വിളിക്കുമല്ലോ