
വയലിനക്കരെയുള്ള ഇല്ലിക്കാട്ടിൽ നിന്നു, വൈകുന്നേരങ്ങളിൽ ചിലപ്പോഴൊക്കെ മാൻപറ്റങ്ങൾ ഇറങ്ങി വരാറുണ്ടായിരുന്നു.
പാൽ മണം മാറാത്ത മാൻ കുഞ്ഞുങ്ങൾ പശുക്കുട്ടികളെ പോലെ കൂത്താടി നടക്കും. ഇരുണ്ടു തുടങ്ങുമ്പോൾ എല്ലാവരും നിര നിരയായി കാടു കയറും.
മാനുകളെക്കുറിച്ചുള്ളതു പോലെ തന്നെയാണു 'മാനുണ്ണി'കളെക്കുറിച്ചും ഉണ്ണികടികളേക്കുറിച്ചുമുള്ള ഓർമ്മകളും.
പേനുകളേപ്പോലെ മാനിന്റെ ദേഹത്ത് പറ്റിപ്പിടിച്ചു ജീവിക്കുന്ന സൂക്ഷ്മ ജീവികളാണൂ 'ഉണ്ണി'യെന്നു ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന മാനുണ്ണികൾ.
കാട്ടിൽ കയറിയാൽ നമ്മളറിയാതെ ഉണ്ണികൾ ദേഹത്തു കയറിക്കൂടും. കടിക്കുന്നതറിയില്ല. കുറച്ചു നേരം കഴിയുമ്പോൾ ചൊറിച്ചിൽ തുടങ്ങും, പിന്നെയതു തടിച്ചു വീർത്തു വ്രണങ്ങളായി മാറും.
കാട്ടിൽ വിറകിനു പോകുന്ന സ്ത്രീകൾ ഉണ്ണിയിൽ നിന്നു രക്ഷപ്പെടാൻ ദെഹത്തു അലക്കു സോപ്പു തേച്ചു പിടിപ്പിക്കാറുണ്ടായിരുന്നു.
ഉണ്ണി കടിച്ച പാടുകൾ സധാരണ, ഉണങ്ങാ മുറിവുകളാണു. ഉണങ്ങിയെന്നു നമ്മൾ കരുതിയാലും കാലങ്ങൾക്കു ശേഷവും ചിലതു ചൊറിഞ്ഞു തടിച്ചു വരും. 'ഉണ്ണിയുടെ പക' എന്നാണു പ്രായമായവർ അതിനെ പറയാറുണ്ടായിരുന്നതു.
കുട്ടിക്കാലത്തു ഉണ്ണി കടിച്ച പാടുകളിൽ ഒരുപാടെണ്ണം ഈയടുത്തകാലം വരെയും ശരീരത്തിലുണ്ടായിരുന്നു. അവന്റെ പക തീർന്നതു കൊണ്ടാവാം ഏറെയും ഇനി തിരിച്ചു വരാത്ത വിധം മറഞ്ഞു പോയിരിക്കുന്നു.
എങ്കിലും, നെഞ്ചിൽ ഇടതു വശത്തായി ഇപ്പോഴുമുണ്ടൊരു പാട്, വളരെ പഴയത്. കാടിനേയോ കാട് എന്നെയോ മറന്നെന്നു തോന്നുമ്പോഴൊക്കെ ഒരോർമ്മപ്പെടുത്തൽ പോലെ, ചൊറിഞ്ഞു തടിച്ചു പഴുത്തു പൊട്ടാറുണ്ടാ പാട്.
(വീടിനും വയലിനും അക്കരെയുണ്ടായിരുന്ന ഇല്ലിക്കാട്)