25 September, 2009

പല നിറങ്ങളിലുള്ള മനുഷ്യർ


ഞ്ഞ: ഇവർ ശൂദ്രർ. ഉരുകുന്ന വെയിലിൽ പതയ്ക്കുന്ന സ്റ്റീലിന്റെ ചൂടളക്കുന്നവർ. വെൽഡിംഗ്‌ റാഡിന്റെ അറ്റത്ത്‌ ഇരുമ്പു പാളികൾ ഒന്നു ചേരുമ്പോൾ, ചേർത്തിട്ടും ചേർത്തിട്ടും കൂട്ടി മുട്ടിക്കാൻ കഴിയാതെ പോയ ജീവിതത്തിന്റെ അറ്റങ്ങളെക്കുറിച്ച്‌ ഇവർ ആലോചിക്കാറില്ല.

പച്ച: മനസ്സു മരുഭൂമി പോലെ വരളുമ്പോഴും ശാപം കിട്ടിയതു പോലൊരു മരുപ്പച്ച തലയിൽ ചുമന്നു നടക്കുന്നവർ. ലോഹം ലോഹത്തെ അറുത്തുമാറ്റുമ്പോൾ, ആദിയിലെങ്ങനെ തീയുണ്ടായെന്നിവർ നമുക്കു കാണിച്ചു തരുന്നു.

നീല: കടലോളം നൊമ്പരം ഉള്ളിലൊതുക്കുമ്പോഴും സ്വപ്നം കാണാറുണ്ട്‌, കണ്ണുനീരാഴിയ്ക്കപ്പുറം ഒരു തീരം. തുഴഞ്ഞു തീർക്കാനുള്ള ദൂരത്തേക്കുറിച്ചോർത്ത്‌ ദു:ഖിക്കുന്നതിനേക്കാൾ തുഴഞ്ഞു വന്ന് ദൂരത്തിൽ ആശ്വാസം കണ്ടെത്തുകയാണിവർ.

ചുവപ്പ്‌: ഇതു വിപ്ലവത്തിന്റെ നിറമല്ലിവർക്ക്‌. വിശപ്പു മാറിയ വയറിനേ വിപ്ലവം ചിന്തിക്കാനാവൂ എന്നാരോ പറഞ്ഞതെത്ര ശരിയാണു. സ്മാരകങ്ങളും ചരിത്രങ്ങളും പണി തീർക്കുമ്പോഴും ചിത്രത്തിലോ ചരിത്രത്തിലോ നമുക്കിവരെ കാണാൻ കഴിയാറില്ല.

വെള്ള: ഇവർ സവർണ്ണർ. ചരിത്രം സൃഷ്ടിക്കുന്നവർ. കുടിയാൻ നിർമ്മിച്ച ഗോപുരത്തിനു മീതേ തങ്ങളുടെ കയ്യൊപ്പു ചാർത്തി ഇവർ ലോകത്തിനു വിട്ടു കൊടുക്കും. മഞ്ഞയും നീലയും പച്ചയും ചുവപ്പും ഊർന്നു പോകുന്ന അരിപ്പയിലൂടെ ചരിത്രത്തെ അരിച്ചെടുക്കും.

എല്ലാത്തിനുമൊടുവിൽ സമ്പന്നൻ കൂടുതൽ സമ്പന്നനും ദരിദ്രൻ കൂടുതൽ ദരിദ്രനുമാകുന്നു.

അല്ലയോ മഹാത്മാക്കളേ, 'സോഷ്യലിസം'. നിങ്ങൾ കണ്ട, എത്ര മനോഹരമായ, നടക്കാത്ത സ്വപ്നം.

(ജെബെൽ അലിയിലെ ഒരു സ്റ്റീൽ യാർഡിൽ നിന്നു)

27 comments:

Stultus said...

നന്നായിട്ടുണ്ട്. :-)
വയനാട്ടിൽ എവിടെയാ??/
ഞാൻ കല്പറ്റയിലാണ്.

അരുണ്‍ കായംകുളം said...

എല്ലാത്തിനുമൊടുവില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നനും ദരിദ്രര്‍ കൂടുതല്‍ ദരിദ്രനുമാകുന്നു.

എത്രയോ വലിയ സത്യം!!

VEERU said...

ഒരു സാദാ സ്നാപ്...അതിലുമുപരി ഒന്നുമില്ല ഈ ചിത്രത്തിൽ !! പക്ഷേ..ഈ അടിക്കുറിപ്പുകൾ കൂട്ടിച്ചേർത്തു വായിക്കുമ്പോൾ എത്ര മനോഹരം...അതെ വളരെ നല്ല...ചിത്രം !!!

പകല്‍കിനാവന്‍ | daYdreaMer said...

നന്നായി വയനാടന്‍

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

എച്ചില്‍ പാത്രത്തില്‍ നാലു പ്ളാസ്റ്റിക്‌ പൂക്കള്‍ വെച്ചു കാണിക്കുമ്പോള്‍ നാം പറയണം -ഫ്ളവര്‍ വെയ്സ്‌....
good post

പ്രയാണ്‍ said...

വളരെ വ്യത്യസ്ഥമായ നിറക്കാഴ്ച്ചകള്‍.........

Unknown said...

"വെള്ള: ഇവര്‍ സവര്‍ണ്ണര്‍. ചരിത്രം സൃഷ്ടിക്കുന്നവര്‍. കുടിയാന്‍ നിര്‍മ്മിച്ച ഗോപുരത്തിനു മീതേ തങ്ങളുടെ കയ്യൊപ്പു ചാര്‍ത്തി ഇവര്‍ ലോകത്തിനു വിട്ടു കൊടുക്കും. മഞ്ഞയും നീലയും പച്ചയും ചുവപ്പും ഊര്‍ന്നു പോകുന്ന അരിപ്പയിലൂടെ ചരിത്രത്തെ അരിച്ചെടുക്കും.

എല്ലാത്തിനുമൊടുവില്‍ സമ്പന്നന്‍ കൂടുതല്‍ സമ്പന്നനും ദരിദ്രന്‍ കൂടുതല്‍ ദരിദ്രനുമാകുന്നു.

അല്ലയോ മഹാത്മാക്കളേ, 'സോഷ്യലിസം'. നിങ്ങള്‍ കണ്ട, എത്ര മനോഹരമായ, നടക്കാത്ത സ്വപ്നം."
ചിത്രത്തേക്കാളുപരി ചിന്തയുടെ തീവ്രത...

വശംവദൻ said...

"എല്ലാത്തിനുമൊടുവില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നനും ദരിദ്രര്‍ കൂടുതല്‍ ദരിദ്രനുമാകുന്നു"

നല്ല വീവരണം.

Typist | എഴുത്തുകാരി said...

ചിത്രത്തേക്കാള്‍ ചിത്രത്തിനു കൊടുത്തിട്ടുള്ള കുറിപ്പുകളാണെനിക്കിഷ്ടപ്പെട്ടതു്.

കുക്കു.. said...

അടികുറിപ്പ് വായിച്ചിട്ട് ചിത്രം നോക്കുമ്പോള്‍....അതിനു കുറെ അര്‍ഥങ്ങള്‍....മനോഹരം...!

ചേർത്തലയൻ said...

"എല്ലാത്തിനുമൊടുവില്‍ സമ്പന്നന്‍ കൂടുതല്‍ സമ്പന്നനും ദരിദ്രന്‍ കൂടുതല്‍ ദരിദ്രനുമാകുന്നു"

മനോഹരം...!

മുക്കുവന്‍ said...

എല്ലാത്തിനുമൊടുവില്‍ സമ്പന്നന്‍ കൂടുതല്‍ സമ്പന്നനും ദരിദ്രന്‍ കൂടുതല്‍ ദരിദ്രനുമാകുന്നു....

സോഷ്യലിസം ഇതില്ലാതാക്കുമോ? ബുദ്ദി ഉള്ളവൻ ഇല്ലാത്തവനെ ഓരോ നടക്കാത്ത കാര്യങ്ങൾ പറഞ്ഞ് പറ്റിച്ച് സുഖിക്കുന്നു..

നനവ് said...

ചാതുര്‍വര്‍ണ്യം ഒരിക്കലും അവസാനിക്കുന്നില്ല അല്ലേ ?..ഈ പുതു യുഗത്തിലും ....അത് തുടരുന്നു...

ബിനോയ്//HariNav said...

ചിന്തകള്‍ക്ക് മരുന്നിട്ട വരികള്‍ വയനാടന്‍‌മാഷേ :)

khader patteppadam said...

'സോഷ്യലിസ'ത്തില്‍ മനോഹരമായൊരു സ്വപ്നമുണ്ട്‌. അതു പോലും ഇല്ലെങ്കിലോ.. ?

നരിക്കുന്നൻ said...

വീരു പറഞ്ഞ പോലെ, ആരും അത്രവലിയ ശ്രദ്ധയൊന്നും കൊടുക്കാത്ത ഒരു സാദാ ഫോട്ടോ. പക്ഷേ വയനാടൻ അതിന് കൊടുത്ത നിർവ്വചനങ്ങൾ ആ ഫോട്ടത്തെ മഹത്തരമാക്കുന്നു.

മണിഷാരത്ത്‌ said...

"വിശപ്പു മാറിയ വയറിനേ വിപ്ലവം ചിന്തിക്കാനാവൂ എന്നാരോ പറഞ്ഞതെത്ര ശരിയാണു."

അങ്ങിനെ തോന്നുന്നില്ല.എന്നാലും വിശന്ന വയറിന്ന് സംസ്കാരമോ നിയമങ്ങളോ ബാധകമല്ല.വിശപ്പൊഴിഞ്ഞ വയറിനാണ്‌ സംസ്കാരവും നിയമവും...വിശകലനം ശ്രദ്ധേയമാണ്‌

Panicker said...

മനോഹരമായ ഭാവന ... അതിമനോഹരമായ ഭാഷ ...

മനോഹര്‍ മാണിക്കത്ത് said...

തുടരട്ടെ
ഈ കാണാകാഴ്ചകള്‍
കാ‍ഴ്ചകളാവട്ടെ.....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ദെ..വയനാടന്‍ വെള്ളയിട്ട് മുകളില്‍ വലതുവശത്തായി നില്‍ക്കുന്നു..അമ്പടാ..
:)


--

"അല്ലയോ മഹാത്മാക്കളേ, 'സോഷ്യലിസം'. നിങ്ങൾ കണ്ട, എത്ര മനോഹരമായ, നടക്കാത്ത സ്വപ്നം."

ഇത് നമ്മള്‍ തന്നെ പറഞ്ഞ്പറഞ്ഞ് നമ്മുടെ മനസിനെ പഠിപ്പിക്കുന്നു.

പിന്നെ എങ്ങനെ?
:)

Sukanya said...

നിറങ്ങള്‍ക്ക് നിറം ചാര്‍ത്തിയത് വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്ത്.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഭായീ നിങ്ങളുടെ കാഴ്ച്ചയുടെ കയങ്ങള്‍ക്ക് ,
ഭാവനയുടെ അതിരുകള്‍ക്ക് ,
സത്യത്തിന്റെ ഊഷ്മള ഗന്ധം.
തഴുകിയും , തലോടിയും , ജീവിത യാഥാര്‍ത്യങ്ങളെ ഓര്‍മ്മിപ്പിച്ചും
ആ ഗന്ധം എന്നെക്കടന്നുപോയപ്പോള്‍ ..
തെല്ലൊന്നു വേദനിച്ചു ...

ramanika said...

"എല്ലാത്തിനുമൊടുവില്‍ സമ്പന്നന്‍ കൂടുതല്‍ സമ്പന്നനും ദരിദ്രന്‍ കൂടുതല്‍ ദരിദ്രനുമാകുന്നു"

വലിയ സത്യം!

നല്ല വീവരണം

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

വളരെ മനോഹരം...!

Unknown said...

കാഴ്ചയും ചിന്തയും ഇഷ്ടമായി :)

Anonymous said...

da,, kurachu ,,,sheriyakanundu,,
mhhhh sheriyakum...

avanippo etha pani kuzhappalla...

fami..........
oru pazhaya drydocckan....

വയനാടന്‍ said...

പല നിറങ്ങളിലുള്ള മനുഷ്യർക്കെല്ലാം നന്ദി. ഋഷീ ഞാൻ വയനാട്ടിൽ ബാവലിയിലാണു.
മണി ഷാരത്ത്‌ നന്ദി, തിരുത്തിനു.
"വിശപ്പു മാറിയ വയറിനേ വിപ്ലവം ചിന്തിക്കാനാവൂ" എന്നു എഴുതിയതിൽ ഖേദിക്കുന്നു.