06 June, 2010

അമേദ്യം, ഓണം, അറപ്പ്‌.....


മൃഗശാലയിലെ തളച്ചിട്ട കാഴ്ചകളിലൂടെ അലക്ഷ്യമായി കണ്ണോടിച്ചുനടക്കുകയായിരുന്നു. വേലിക്കകത്തു മണലിൽ പിൻ കാലുകളൂന്നി വിസ്സർജ്ജിക്കുന്നൊരു മാൻ. കണ്ണുകളടച്ചു പിടിച്ചിരുന്നു.
സ്വപ്നത്തിൽ പോലും അപ്രാപ്യമായൊരു സ്വകാര്യതയുടെ ഇല്ലാമറ സ്വയം തീർക്കുകയാവാം അത്‌.
ആ കാഴ്ച കാണാനായി കൗതുകത്തോടു കൂടി വേലിക്കരികിലേക്കു പാഞ്ഞു വന്ന കൊച്ചു കുട്ടികളെ മുതിർന്നവർ പിടിച്ചു മാറ്റി ദൂരേയ്ക്കു മാറ്റി നിർത്തി ശാസ്സിക്കുന്നതു കണ്ടു. ചുണ്ടിൽ വിരൽ ചേർത്ത്‌ അയ്യേ എന്നു പറയിപ്പിക്കുന്നതും കണ്ടു.

പാവം കുട്ടികൾ, ഇതൊരു നശിച്ച തുടക്കമാണു. ഇങ്ങനെയാണവർ അറപ്പ്‌ എന്നതിനേക്കുറിച്ച്‌ പഠിക്കുക.
ഇതുപോലുള്ള കാഴ്ചകളെല്ലാം ഇനിയവർക്ക്‌ അറപ്പുളവാക്കും. വിസർജ്ജ്യം അവർക്കു ഉരുവിടാൻ പോലും ധൈര്യം വരാത്തൊരു വാക്കായി മാറും.
ഈ അറപ്പാണു പിന്നീട്‌ വെറെ പലതിലേക്കും വ്യാപിക്കുക. ചുക്കിച്ചുളിഞ്ഞ്‌ കിടപ്പിലായിക്കഴിയുമ്പോൾ അഛനേയും അമ്മയേയും ദൂരെ നിന്നു മാത്രം നോക്കിക്കണ്ട്‌ തിരിച്ചു നടത്തുന്നതും അതേ അറപ്പാണു.

ഒന്നോർത്തു പോയി. വർഷങ്ങൾ കുറേ പുറകോട്ടു പോകുമ്പോൾ, കാടിനോട്‌ ചേർന്ന് വയലിനരികിൽ ഒരു കൊച്ചു വീട്‌. പുല്ലു മേഞ്ഞ്‌, മുളകൾ കൊണ്ട്‌ ഭിത്തികൾ തീർത്ത്‌ ചാണകം മെഴുകിയൊരു വീട്‌.
ചാണകമെന്നത്‌ ശുദ്ധിയുടെ പര്യായമെന്നാണു പഠിച്ചു വന്നത്‌.
ആഴ്ച്ചയിലൊരിക്കലെങ്കിലും വീടിനകവും മുറ്റവുമെല്ലാം ചാണകം മെഴുകും. എന്തിനാണെന്നു ചോദിച്ചാൽ അമ്മ പറയും ചാണകം മെഴുകിയ വീട്ടിലേ ഐശ്വര്യം കയ്യറി വരൂ എന്നു.
ഓണത്തിനു പൂവിടും മുൻപ്‌ പൂത്തറ കൂടി ചാണകം മെഴുകുമായിരുന്നു.
അതുപോലെ തന്നെയാണു ആട്ടിൻ കാട്ടവും ആനപ്പിണ്ഠവും. ചേമ്പിനും ചേനയ്ക്കുമിടാൻ അയൽപക്കത്തു നിന്നും ആട്ടിൻ കാട്ടം തലയിൽ ചുമന്നു കൊണ്ടു വരും. ആട്ടിൻ മൂത്രം കലർന്ന വെള്ളം മുളം കുട്ടയിലൂടെ ഊർന്നു മുഖത്തു കൂടി ഒഴുകി വീഴും. പണി തീർന്നു പുഴയിലൊന്നു മുങ്ങിക്കുളിച്ചാൽ തീരാത്ത ഒരഴുക്കായി അതൊരിക്കലും തോന്നിയിട്ടില്ലായിരുന്നു.

അതു പോലെ കറിവേപ്പിനു വളമിടാൻ കാട്ടിൽ നിന്നും ഉണങ്ങാത്ത ആനപ്പിണ്ഠം കൂടയിൽ ഏറ്റിക്കൊണ്ടു വരും.
ആ അനുഭവങ്ങളിലൂടെയെല്ലാമായിരിക്കണം ഒന്നിനോടും അറപ്പില്ലാതെയായിത്തീർന്നത്‌. പലപ്പോഴും, കൂടെ നടന്ന എല്ലാവരും തിരിച്ചു നടക്കുമ്പോഴും പതറാതെ മുന്നോട്ടു നടത്തുന്നതിൽ ഈ അറപ്പില്ലായ്മ തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്‌.
അമേദ്യം, ഓണം, അറപ്പ്‌...
നമ്മുടെ കുട്ടികളെ ഇങ്ങനെയൊരു പാഠം കൂടി പഠിപ്പിച്ചിരുന്നെങ്കിൽ


(അൽ ഐൻ മൃഗശാലയിൽ നിന്നും)

11 comments:

നനവ് said...

മണ്ണ് എന്നത് തന്നെ അറപ്പുളവാക്കുന്ന ഒന്നായി മാറ്റപ്പെടുമ്പോൾ രൌദ്ര വികസനം മിനുമിനുത്ത സുഖലോലുപതയിലൂടെ നമ്മെ മാടിവിളിക്കുന്നു...ചേറിൽ പുതയാത്ത കൈകാലുകൾ ഒരിക്കലും സത്യത്തെ അറിയുന്നില്ല...മണ്ണിന്റെ മണം....സ്നേഹം..

Styphinson Toms said...

വല്ലപ്പോഴും ഒരിക്കല്‍ നാട്ടില്‍ പോകുമ്പോള്‍ .. മുറ്റത്തെന്തെങ്കിലും ചെത്തി പറിക്കുമ്പോള്‍ കിട്ടുന്ന ഒരു മനോസുഖം . അതൊന്നു പറഞ്ഞറിയിക്കാനാകാത്തതാണ് .. മണ്ണിന്റെ മനം നമുക്ക് അന്യം ആയി പോകുന്നുവോ എന്നൊരു വിഷമം

സമാന്തരന്‍ said...

അറപ്പിന്റെ പുതു സാധ്യതകളിലാണ് ഇപ്പോള്‍ ഗവേഷണം....
ഇന്നലെ, മൂന്നാം നംബര്‍ പ്ലാറ്റ് ഫോമിലെ മരബഞ്ചില്‍ കണ്ട കാ‍ഴ്ച മങ്ങി,ഓര്‍മക്കുറവുള്ള, മെലിഞ്ഞു വളഞ്ഞ മുത്തശ്ശി അവ്യക്തമായി പറഞ്ഞത് :വണ്ടി ഇറങ്ങി എന്നെ ഇവിടെ ഇരുത്തീട്ട്, കുടിക്കാന്‍ വെള്ളം വാങ്ങീട്ട് വരാംന്ന് പറഞ്ഞിട്ട് പോയതാ മോനേ അവള്.... രണ്ടീസായി.. അവളങ്ങനെയാ.. പലപ്പോഴും മറക്കും. മോനെ.. രണ്ടാമത്തെ സ്റ്റേഷനീന്ന് പത്തടിയേയുള്ളൂ വീട്ടിലേക്ക്.. ഒന്നു കൊണ്ടാക്കിത്തര്വോ...

Unknown said...

കഴിഞ്ഞ തലമുറ ഒരിക്കലെങ്കിലും കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ടാവും ചാണകം മെഴുകിയ തറയും അതില്‍ പായ വിരിച്ച് കുടന്നതുമൊക്കെ... ഇന്നത്തെ തലമുറ ഇതൊക്കെ എങ്ങനെ അറിയാനാണ്... സ്കൂളും ഹോം വര്‍ക്കും ഒന്നും കഴിഞ്ഞ് ആര്‍ക്കും നേരമില്ലല്ലോ...

Naushu said...

ടോംസിന്റെ കമന്റിനോട് ഞാന്‍ യോജിക്കുന്നു

പ്രയാണ്‍ said...

ചാണകം ചവുട്ടിയാല്‍ (ഇടതുകാലോ വലതുകാലോ ഓര്‍മ്മയില്ല) മധുരം കിട്ടുമെന്നു വിചാരിച്ച് സ്കൂളില്‍ പോകുമ്പോള്‍ ഒരുപാട് ചവിട്ടിയിട്ടുണ്ട്......മറ്റെക്കാലാണെങ്കില്‍ മാഷിന്റടുത്തുനിന്നും അടിയും കിട്ടും......പക്ഷെ അറിയാതെ ചവിട്ടണമത്രെ........ഇപ്പൊ ചാണകം പോയിട്ട് മണ്ണു വാരിക്കളിച്ചാല്‍ ഡെറ്റോളിട്ടു കഴുകണമെന്നല്ലെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്.

ഷെരിഫ്ഫ്കൊട്ടരക്കര said...

ചിത്രത്തേക്കാളും എനിക്കു ഇഷ്ടപ്പെട്ടതു അടികുറിപ്പു.ഓര്‍മകള്‍...സുഹ്രുത്തേ! അതൊരു നിധി തന്നെ ആണു;അതോടൊപ്പം കൈ പിടിച്ചു നടത്തുന്ന ഒരു ഗുരുവും.

prasanth.s said...

ഈ പറഞ്ഞതിനോട് ഞാന്‍ വളരെ യോജിക്കുന്നു. നമ്മുടെ നാടിന്റെ ഈ മാറ്റത്തില്‍ വിഷമിക്കനല്ലാതെ എന്ത് പറയാന്‍.. കയ്യ് കൊണ്ട് ചോറു ഉരുട്ടിക്കഴിക്കുമ്പോള്‍ അയ്യേ!! മമ്മീ അത് കന്റോ? എന്ന് ചോദിക്കുന്ന കുട്ടികള്‍ നമ്മുടെ നാട്ടിലും ജനിച്ചു തുടങ്ങിയിരിക്കുന്നു. എന്റെ കൈയ്യില്‍ ഒരു പശു നക്കുമ്പോള്‍.. അയ്യേ പ്രശാന്തേ ഈ അഴുക്കൊക്കെ തിന്നുന്ന പ്രാണിയെക്കൊണ്ട്... എന്നു ചോദിക്കുന്ന ചങ്ങാതിമഅര്‍ നിക്കും ഉണ്ട്. നാടോടുമ്പോള്‍ നാം എന്തു ചെയ്യും...

Sukanya said...

ഒരാളും ഒരിക്കലും ചിന്തിച്ചുണ്ടാവില്ല ഈ എഴുതിയത്. അതാണീ ബ്ലോഗിന്റെ ഉടമയുടെ മേന്മ.

ഗോപി വെട്ടിക്കാട്ട് said...

മാറുന്ന മലയാളിയുടെ മാറുന്ന ശീ ലങ്ങള്‍ നന്നായി പറഞ്ഞിരിക്കുന്നു ...ആശംസകള്‍

anusha sathyanadh said...

maattathinte kaattil malayalam malayalikk anyamakunnu.....