പറന്നുനടന്നിരുന്ന കാഴ്ചകളിൽ ചിലതിനെ ഞാനെന്റെ തകര ക്യാമറയിൽ കുരുക്കി നിശ്ചലചിത്രങ്ങളാക്കി തടവിലാക്കി. ചിന്തകളിലിട്ടു ഞെരിച്ചു; സ്വപ്നങ്ങളിലിട്ടു മെതിച്ചു. ഒടുവിൽ ശേഷിച്ച അസ്ഥിപഞ്ഞരങ്ങളെ ജനലഴികളിൽ കെട്ടിയിട്ടു. മഴ തകർത്തുപെയ്ത ഇടവമാസ രാത്രികളിലൊന്നില്‍, മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിൽ ചിത്രങ്ങളെന്നോടു കഥ പറഞ്ഞു തുടങ്ങി. -വയനാടൻ
28 August, 2009
കാട്ടിലെ വീട്
കാടാണു തുടക്കം. കാടു കഴിഞ്ഞാൽ വയൽ. വയലു കഴിഞ്ഞാൽ പിന്നെയുയർന്നു നീണ്ടു കിടക്കുന്ന കരയാണു. അതിനപ്പുറം പുഴ. പുഴയ്ക്കപ്പുറം, വയൽപ്പറമ്പുകൾക്കുമപ്പുറം പിന്നെയും കാടിരുണ്ടു കിടന്നു.
പുഴയ്ക്കും വയലിനുമിടയ്ക്കുള്ള കരയിലാണു വീട്. വീടിരിക്കുന്നതും ചുറ്റുമുള്ളതുമെല്ലാം രേഖകളില്ലാത്ത ഭൂമിയാണു. പുഴമ്പുറമ്പോക്ക്.
മുതിർന്നവർ പറയുന്നതു കേൾക്കാം "വില്ലേജാപ്പീസ്സിൽ നിന്നും പറഞ്ഞാൽ ഇറങ്ങിക്കൊടുക്കേണ്ടി വരും"
എപ്പൊഴോ ഒരിക്കൽ അഛൻ മേടിച്ചു തന്ന കഥാപുസ്തകത്തിലെ വ്യാളിയുടെ മുഖമായിരുന്നു സങ്കൽപ്പത്തിലെ വില്ലേജാപ്പീസർക്ക്. എന്നെങ്കിലുമൊരിക്കൽ വരുമെന്നു പേടിച്ചിരുന്നെങ്കിലും അങ്ങനെയൊരാൾ ഒരിക്കലും വന്നിരുന്നില്ല.
രേഖകളുടേയും പ്രമാണങ്ങളുടെയും അർത്ഥശൂന്യത ആദ്യമായി തിരിച്ചറിഞ്ഞതും അങ്ങിനെയായിരിക്കാം.
സ്വന്തമല്ലെന്നറിഞ്ഞിട്ടും ഞങ്ങളുടെ അതിരുകൾ വേലികെട്ടിത്തിരിച്ചിരുന്നു.
എങ്കിലും ശീമക്കൊന്ന അതിരിട്ട വേലിക്കെട്ടുകൾ മനസ്സുകൾക്കിടയിലുണ്ടായിരുന്നില്ല.
കരീമിക്കയും, മമ്മത്ക്കയും, ജെയിംസെട്ടനും,ലീലാമ്മചേച്ചിയും, ബേബിച്ചേടനും, കുള്ളിയും കരിയനും, ലീനയും ഫിലോയും ആരിഫും ലോട്ടറി ബാലനുമോന്നും മതേതരത്വത്തേക്കുറിച്ചു അറിവുമുണ്ടായിരുന്നില്ല.
അടുക്കളപ്പുറത്തിറങ്ങിയാൽ വയലും വയലിനക്കരെയുള്ള കാടും കാണാം.വയലിനോടു ചേർന്നുള്ള മുളങ്കൂട്ടങ്ങളിലെല്ലാം മാടങ്ങളുണ്ട്. അതിലാണു രാത്രിയിൽ കന്നഡക്കാരായ കൗണ്ടന്മ്മാർ നെല്ലിനു കാവലു കിടന്നിരുന്നത്.
വയലിൽ പലയിടത്തായി തകരപ്പാട്ടകൾ കാണും; അതിനുള്ളിൽ കെട്ടിത്തൂക്കിയ മരവടികളും. മരവടികളിൽ കെട്ടിയ കയറിന്റെ അറ്റം മാടത്തിലായിരിക്കും. അതുവലിച്ചാലുണ്ടാകുന്ന ഒച്ച മതി വയലിലിറങ്ങുന്ന പന്നികളെ ഓടിക്കാൻ.
ആനയാണെങ്കിൽ അതു ഫലിക്കില്ല.കൂട്ടത്തോടെയുള്ള കൂവലോ, ആറു കട്ട ബാറ്ററിയുള്ള ഹെഡ് ലൈറ്റിന്റെ തുളച്ചു കയറുന്ന വെളിച്ചമോ, ചിലപ്പോഴെങ്കിലും തീപ്പന്തമോ വേണ്ടിയിരുന്നു ആനകളെ തുരത്താൻ.
ഇരുട്ടും മുമ്പേ എല്ലാവരും വീടണയും. അഛൻ വരാൻ വൈകിയാൽ പേടിയാണു. കാരണം ആനയിറങ്ങാത്ത ഒരു വഴി പോലും ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നില്ല.
മഴ പെയ്ത ഒരു രാത്രിയിലാണു കട്ടക്കയത്തിലെ ചേടത്തിയെ ആന ചവിട്ടിക്കൊന്നതു. 'ആനപ്പാറ'യിൽ ബസ്സിറങ്ങി വരവേയായിരുന്നു അതു.
കൂട്ടത്ത്ലുണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെട്ടപ്പോൾ ചട്ടയും മുണ്ടുമാണു ചേടത്തിയെ ചതിച്ചതു.
ആനകൾ വർണ്ണാന്ധരാണെന്നു പിന്നീടാരോപഠിപ്പിച്ചപ്പോള് ഉള്ളിലെവിടെയോ ഇരുന്നു ചേടത്തി പറഞ്ഞു
അതു തെറ്റാണെന്നു.
"അതേ ചേടത്തീ ഇതുവരെ ഞാനതു വിശ്വസ്സിച്ചിട്ടില്ല."
സൂര്യൻ മറഞ്ഞു കഴിഞ്ഞാൽ പിന്നെ ഇരുട്ടാണു. കുടിലുകളിലെല്ലാം തെളിയുന്ന മണ്ണെണ്ണ വിളക്കുകളുടെ വെളിച്ചം മിന്നാമിനുങ്ങുകളുടേതിനേക്കാൾ അൽപ്പം പോലും കൂടുതലായിരുന്നില്ല. ഒരിക്കൽ പുകയില്ലാത്ത ചില്ലു വിളക്കൊന്നു അഛൻ മേടിച്ചത് എല്ലാവർക്കും അദ്ഭുതമായിരുന്നു.
അടുത്തുള്ള വീട്ടുകാരെല്ലാം, രാത്രി പഴയ കഥകൾ പറഞ്ഞിരിക്കാൻ ഞങ്ങളുടെ വീട്ടിൽ ഒത്തുകൂടും. ചന്ദ്രനും കൃഷ്ണേട്ടനും അഛനുമെല്ലാം കഥകളുടെ സഞ്ചിയഴിക്കും.പണ്ടു വേട്ടയ്ക്കു പോയിരുന്നതും ആഴ്ച്ചകളോളം കാട്ടിൽ തന്നെ കഴിച്ചു കൂട്ടിയതുമെല്ലാം അഛൻ പറയുന്നതു ആ സദസ്സിലല്ലാതെ ഞങ്ങൾ കേട്ടിട്ടില്ല.
എട്ടുമണിയെന്നു പറയുന്നത് അന്ന് ഞങ്ങൾക്ക് അർദ്ധരാത്രിയായിരുന്നു. കഥകൾ മതിയാക്കി എല്ലവരും മടങ്ങും.
രാത്രി ചിലപ്പോൾ ആനയുടെ ചീറലുംമാടങ്ങളിൽ നിന്നുള്ള കൂവലുകളും കേൾക്കും. ശബ്ദത്തിൽ നിന്നു തന്നെ വയലിറങ്ങിയ ആനയെ തിരിച്ചറിയുമായിരുന്നു.
തുടങ്ങിയാൽ പിന്നെ നിർത്താതെ അലറിയിരുന്ന ആളെക്കൊല്ലി, കുട്ടികളേപ്പോലെ നിലവിളിച്ചിരുന്ന ചട്ടുകാലൻ.. അങ്ങനെ കുറേ.
കാവൽക്കാരേയും കളിപ്പിച്ചു ആന വീടിനടുത്തെത്തിയാൽ ഫൂലൻ ഒന്നു കുരയ്ക്കും, ഒന്നേ കുരയ്ക്കൂ. അവൾക്കറിയാമായിരുന്ന് അവളുടെ ശബ്ദം ആനയെ ദേഷ്യം പിടിപ്പിക്കുമെന്നു. ആ ഒറ്റ കുര മതിയായിരുന്നു ഞങ്ങൾക്കു പുറത്തിറങ്ങാനും ഒരുമിച്ചു കൂവി ആനയെ ഓടിക്കാനും.
നിർത്താതെ നിലവിളി കേൾക്കുന്നു. ചെവിയോർത്തു. ഫൂലൻ കുരച്ചില്ലല്ലോ..
കുറച്ചു സമയം വേണ്ടി വന്നു തിരിച്ചറിയാൻ. അലാറമാണു.
ദിവസങ്ങളുടേയും മാസങ്ങളുടേയും
വർഷങ്ങളുടേയും പുസ്തകത്തിൽ ഒരേടു കൂടി മറഞ്ഞു എന്നതിന്റെ
മടുപ്പിക്കുന്ന, ഒരേയൊരു തെളിവ്.
എഴുന്നേറ്റ് ജനാല തുറന്നു പുറത്തേക്കു നോക്കി.തെരുവിൽ തിരക്കു തന്നെ. എന്നേക്കാൾ മുമ്പേ ഉണർന്നിരിക്കാമത് .
ഓ അല്ല, ഉണരാൻ, ഈ തെരുവ് ഒരിക്കലും ഉറങ്ങാറില്ലല്ലോ.
(ബാവലിയിൽ ഞങ്ങളുടെ വീടിനടുത്തു നിന്നു)
പിങ്കുറിപ്പ്: ക്രമം തെറ്റി കണ്ട സ്വപ്നത്തിലെ രംഗങ്ങൾ, മുഴുവനായി ക്രമപ്പെടുത്തിയെഴുതിയാലോ എന്നാലോചിച്ചു. അല്ലേൽ വേണ്ട. ജീവിച്ചു ജീവിച്ചു ഞാനേ വഴി തെറ്റിപ്പോയി. ഇനി ജീവചരിത്രം വായിച്ചു മറ്റുവരേം കൂടി...
Subscribe to:
Post Comments (Atom)
33 comments:
ലും ശീമക്കൊന്ന അതിരിട്ട വേലിക്കെട്ടുകൾ മനസ്സുകൾക്കിടയിലുണ്ടായിരുന്നില്ല
ഈ മനസ്സ് അതല്ലേ ഏറ്റവും നല്ല സ്വത്തു !
പോസ്റ്റ് നന്നായി
ആസംസകള്‍
സുന്ദരമായിരിക്കുന്നു.പിന്നെ വെളുപ്പ് ഒരു വർണ്ണമല്ല.വർണ്ണരാഹിത്യമാണ്..
സുന്ദരമായ എഴുത്ത്..... നന്ദി....
നന്നായിരിയ്ക്കുന്നു മാഷേ. വായിയ്ക്കുമ്പോള്‍ ഒരു സുഖമുണ്ട്.
ഓണാശംസകള്‍
എവിടെയോ കണ്ടു മറന്ന സ്ഥലം....ഞ്ങ്ങടെ തറവാട്ടിലേക്കു പോകുന്ന വഴിപോലെ. എഴുതിയതു വായിക്കാന്‍ നല്ല സുഖമുണ്ട്.ഓണാശംസകള്‍..........
സുഹ്രുത്തേ ഞെട്ടിച്ചു കളഞ്ഞല്ലോ..ഈ വിവരണങ്ങൾ..മനോഹരമല്ലാ അതി മനോഹരം
നല്ല രചന
എഴുത്ത് വളരെ നന്നായി...
എന്നികൊട്ടും പരിചിതമല്ലാത്ത ലോകത്തെയും ജീവിതത്തെയും മായാത്ത ചിത്രങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞിരിക്കുന്നു എഴുത്തിന്....
വൃത്തിയായെടുത്ത സിനിമ കണ്ടപോലെ...
എന്തു ഭംഗിയായിട്ടെഴുതിയിരിക്കുന്നു. ഒട്ടും പരിചയമില്ലാത്ത ഒരു ഗ്രാമത്തെ കണ്മുന്പില് കാണാം, ഇതു വായിക്കുമ്പോള്‍.
എന്തൊരു ഒഴുക്കാണ് താങ്കളുടെ എഴുത്തിനു. പഴയകാലത്തേക്ക് കുറേ സഞ്ചരിച്ചു. “ഒരിക്കൽ പുകയില്ലാത്ത ചില്ലു വിളക്കൊന്നു അഛൻ മേടിച്ചത് എല്ലാവർക്കും അദ്ഭുതമായിരുന്നു...” അതെ....വളരെ ശരിതന്നെ.
പെട്ടന്ന് നിർത്തിക്കളഞ്ഞതെന്താണ്? ഇനിയും വരാം.
ഇല്ല, ഇതു വായിച്ച് ഞാൻ വഴി തെറ്റില്ല എന്നുറപ്പ് തരുന്നു.
കേട്ടത്/കണ്ടത് കാണാനും, ചെയ്തത് ചെയ്യാനുമെ ആഗ്രഹമുള്ളു....
വയനാട്ടിലെ എന്റെ അനുഭവങ്ങള്‍ , ഇന്നലെ കണ്ട തലപ്പാവ് എന്ന സിനിമയിലെ രംഗങ്ങള്‍ ....ഒക്കെ വീണ്ടും ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്. ഇതുപോലൊക്കെ എവിടന്നൊക്കെയോ വായിച്ച് വായിച്ചാണ് ഞാനൊരു വയനാട് ഫാന്‍ ആയി മാറിയത് :)
ഞങ്ങളീ സമതലഭൂവാസികള്ക്ക് കാടിന്റെ കഥ എന്നും വിസ്മയകരമാണ്.വളരെ ആര്‍ത്തിയോടെ അത് വായിക്കാറുണ്ട്. ഇതും അങ്ങനെ വായിച്ചു.നന്നായി.
നല്ല വിവരണം.ഇപ്പോള്‍ ഇതു വായിക്കാന്‍ തോന്നിയത് യാദൃച്ഛികമാവാം....നാളെ പുറപ്പെടുന്നു തിരുനെല്ലിക്ക്..ബ്രഹ്മഗിരിക്കുന്നിലേക്ക്.... മൂന്ന് ദിവസത്തെ ചെറുയാത്ര.....താങ്കള്‍ക്കും കുടുംബത്തിനും ഒരു ഹൃദ്യമായ ഓണം ആശംസിക്കുന്നു.
വല്ലാത്തൊരു അനുഭൂതിപകരുന്നു, ആനയിറങ്ങുന്ന കാടിനരികത്തുള്ള വീട്ടിലെ ജീവിതചിത്രം.
എല്ലാം ഭാവനയില്‍ കാണാന്‍ പറ്റി.
വളരെ ഇഷ്ടപ്പെട്ടു നല്ല എഴുത്ത് മനോഹരമായിരിക്കുന്നു ഓണാശംസകള്‍
അതി മനോഹരമായിരിക്കുന്നു! ഇതൊന്നും ഞാന്‍ തീരെ കേട്ടിട്ടില്ലാത്ത ഒരു ജീവിതം ആണ്. ഇത് ഇവിടെപങ്കു വെച്ചതിനു നന്ദി!
സത്യന് അന്തിക്കാട് സിനിമകളിലെ ഓര്‍മ്മപ്പെടുത്തുന്ന മനോഹരമായ സ്ഥലം....പങ്കുവച്ചതിനു വളരെ നന്ദി.....ഓണാശംസകള്‍
നന്നായിരിക്കുന്നു.അവിടെത്തെ ജീവിതം തികച്ചും സാഹസികമായി തോന്നി.
ആ ഗ്രാമ ഭംഗിയും വന്യതയും മനോഹരമായി എഴുതാൻ കഴിഞ്ഞിട്ടുണ്ട്..ആശംസകൾ..
ഒട്ടും പരിചയമില്ലാത്ത ഒരു ജീവിതം ആണിത് - എന്ത് രസമാ, അല്ലെ?നന്നായി എഴുതിയിരിക്കുന്നു... ശരിക്കും ഒരു 'jungle book ' അട്വന്ചാര്.
ഇതു വായിച്ചപ്പോൾ പണ്ട് എപ്പോഴൊ വായിച്ചു മറന്ന ഒരു കവിതാ സകലം പെട്ടെന്ന് ഓർമ്മ വന്നു.
കൊച്ചു മോൾ:
അപ്പൂപ്പനും കൂട്ടരും കൂടി പണിപ്പെട്ടരെന്തിനു
വീടില്ലാതെ തെണ്ടുന്നപ്പൂപ്പാ..?
അപ്പൂപ്പൻ:
കുഞ്ഞെ അക്കഥയോർക്കുകിലിപ്പഴും
നെഞ്ചിന്നുള്ളിലിടി മുഴങ്ങും..
കുഞ്ഞെ നിന്നുടെ അമ്മിണിയമ്മയും
കുഞ്ഞായന്നു കളിച്ചിരുന്നു...
കാടു വെട്ടിത്തെളിച്ച് ഫലഭൂയിഷ്ട്മാക്കിയാൽ പിന്നെ പിടിപാടുള്ളവന്റെ കയ്യൂക്കിനാൽ കുടിയിറങ്ങേണ്ടി വരുന്ന പാവം കുടിയേറ്റ കർഷകന്റെ ദുരവസ്ഥയാണ് കവി (പേര് ഓർമ്മയില്ല) വരച്ച് കാണിച്ചിരുന്നത്..
ആനയിറങ്ങും കാട്ടിലെ ജീവിതമായിരിക്കും എന്നോ മറന്നു പോയ ഈ കവിതാ ശകലം എന്നെ ഓർമ്മപ്പെടുത്തിയത്.
ആശംസ്കൾ.
വയനാടന്‍, താങ്കള്‍ എന്നെ ഓര്‍മ്മകളിലൂടെ കൈപിടിച്ചു നടത്തി.. ഇനി ആ കാട്ടിലെ വീട്ടിലേക്കും കൊണ്ടു പോവുക... :)
acknowledged...
acknowledged...
സ്ന്ഗതി ഉണ്ടായിരുന്നു, പിന്നെ ശ്രുതി ............
perfect wayanadan post
manassukalkkidayil velikkettukalillaathiunna ,
aa nalla kaalathileykku njaan ente
baalyatheyum kooti melle nadannu...
nalla rachana.aasamsakal...
മനോഹരമായിരിക്കുന്നു!
ഒരു സിനിമ കണ്ട പ്രതീതിയാണ് ഇതുവായിച്ച് കഴിഞ്ഞപ്പോള്‍ എനിക്കുണ്ടായത്.
വര്‍ണ്ണന കൊണ്ട് ആ വീടും,കാടും,ചോലയും ആ ഫോട്ടൊപോലെ തന്നെ മനസ്സില്‍ പതിഞ്ഞൂ...ഭായി
കലക്കീട്ടിണ്ട്.............
കാട്ടിലെ വീടു കാണാനെത്തിയവർക്കെല്ലാം നന്ദി.
Post a Comment