02 April, 2010

എഴുതാൻ കഴിയാത്ത ചില ഭാവങ്ങൾ



രു സാമ്യവും ബന്ധവുമില്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ, സ്വപ്നത്തിൽ ഒരുമിച്ചു വരാറുണ്ട്‌. ജീവിതത്തിലൊരിക്കലും തമ്മിൽ കണ്ടിട്ടില്ലാത്ത, കാണാനിടയില്ലാത്ത ആളുകൾ ഒരേ പാതയിലൂടെ ഒരുമിച്ചുനടക്കും. ആരോടും പറയരുതെന്നു പറഞ്ഞേൽപ്പിച്ച രഹസ്യങ്ങൾ തമ്മിൽ തമ്മിൽ വെളിപ്പെടുത്തും.
ഓർമ്മയായി മാറിയവരിൽ ചിലർ മുന്നിൽ വന്നു ഭാവിയെക്കുറിച്ചു പേടിപ്പെടുത്തുന്ന മുന്നറിയിപ്പുകൾ നൽകും. ദുഃഖങ്ങളിൽ ചിലപ്പോൾ ആശ്വസ്സിപ്പിക്കും.
എങ്ങനെ എന്നൊരു ചോദ്യം ചോദിക്കാൻ കഴിയും മുമ്പ്‌ ചില ഞെട്ടലുകളിൽ, മുറിഞ്ഞ ഉറക്കത്തിൽ എല്ലാം എവിടെയോ പോയി മറയും.

ചില ഭാവങ്ങളും ഇതു പോലെയാണു. എന്താണെന്നു തിരിച്ചറിയാനാവില്ല. കണ്ണു തുടച്ചു കഴിഞ്ഞു ചിലപ്പോൾ ഓർത്തെടുക്കാൻ ശ്രമിക്കും എന്തിനാണു കരഞ്ഞതെന്നു. ഒടുവിൽ, സന്തോഷം കൊണ്ടാണോ അതോ സങ്കടം കൊണ്ടാണോ കണ്ണു നിറഞ്ഞതെന്നു തിരിച്ചറിയാനാവാതെ തിരിഞ്ഞു നടക്കും.

ഇതുപോലെ ഇരുളും, വെളിച്ചവും, ദുഃഖങ്ങളും, സന്തോഷങ്ങളും, പ്രതീക്ഷകളും, ആശങ്കകളും വ്യത്യസ്ത അളവിൽ കൂടിച്ചേർന്ന ഓരോരോ അവസ്ഥകളിൽ കൂടി കടന്നുപോകുന്നതിനെയാവുമോ ജീവിതമെന്നു പറയുന്നതു. അതിലെ വഴി തീർന്നു പോയൊരു കോണിൽ ഭൂതവും ഭാവിയും ഇണ ചേരുമ്പോഴാവുമോ 'നിസ്സംഗത'യുണ്ടാവുന്നത്‌.

(ഗംഗയുടെ സ്നാനഘട്ടങ്ങളിലൊരിടത്ത്‌)

9 comments:

ചേർത്തലയൻ said...

വ്യത്യസ്തമായ ഒരു ചിത്രവും ഒരു വലിയ ചിന്തയും.

Junaiths said...

തികച്ചും ശരി..

ശ്രീ said...

വളരെ ശരി

നനവ് said...

ആർദ്രത വറ്റിയ സമൂഹത്തിൽ ഒരു തെന്നലായ് താങ്കളുടെ ചിത്രവും വരികളും....

Unknown said...

ഇതൊക്കെ തന്നെ ജീവിതം. എഴുത്ത് നന്നായിട്ടുണ്ട്.
ഷാജി ഖത്തര്‍.

Sukanya said...

ശരിയാണ്. പക്ഷെ ഇത്രയെങ്കിലും എഴുതാന്‍ കഴിഞ്ഞില്ലേ?

ഹന്‍ല്ലലത്ത് Hanllalath said...

അതിനെ നിസ്സംഗത എന്നു വിളിക്കാനാകുമൊ എന്നതാണ് എന്നെ കുഴക്കുന്നത്.
ഉന്മാദത്തിളടിച്ചുയരുന്ന മനസ്സിലടക്കി വെക്കാന്‍ കഴിയാത്തത് പലതും
ഇപ്പോള്‍ പുറത്തേക്കെന്ന് ആഞ്ഞു കൊണ്ടിരിക്കുന്നുണ്ടാകും പലപ്പോഴും..
അപ്പോഴും പുറമെയൊന്നുമറിയിക്കാതെ
മനസ്സതിന്റെ ലാവയുറവകളെ ഒളിച്ചു കൊണ്ടിരിക്കുകയാകും...

Jishad Cronic said...

കൊള്ളാം ... ആശംസകൾ

വിജയലക്ഷ്മി said...

jeevithatthinte pala mukhangal...