
ഞങ്ങളെത്തുമ്പോൾ വേലിക്കെട്ടിനകത്ത് ഒട്ടകങ്ങൾ മാത്രമായിരുന്നു. പല വലിപ്പത്തിലും പല കോലത്തിലും പല പ്രായത്തിലുമുള്ളവ.
മരുപ്പറമ്പിന്റെ വിജനതയിൽ ആരോ വാരി വിതറിയതാണെന്നു തോന്നും കണ്ടാൽ.
സ്വാഭാവികമായ ഒരു ചലനവും ഒന്നിലും കണ്ടില്ല. വെള്ളം കുടിക്കുന്നതിലും, പുല്ലു തിന്നുന്നതിലും, മുലയൂട്ടുന്നതിലും എല്ലാം ഈ ലോകത്തോടു മുഴുവനുമുള്ള പകയും ഈർഷ്യയും നിസ്സംഗതയുടേയും യാന്ത്രികതയുടേയും രൂപം പൂണ്ടു കിടന്നു.
അപരിചിതരെ കണ്ട് ഒരു ഒട്ടകകുട്ടി തള്ളയുടെ മറവിലേക്കു നുഴഞ്ഞു കയറിപ്പോയി. മുൻ കാൽപ്പാദങ്ങളിലൊന്നു നഷ്ടമായ ഒരൊട്ടകം ഏന്തിവലിഞ്ഞു വന്നു തകരപ്പാളയിൽ കൂട്ടിയിട്ടിരിക്കുന്ന പുല്ലു തിന്നാൻ ശ്രമിക്കുന്നതു കണ്ടു. ചുമന്നിട്ടും ചുമന്നിട്ടും തീരാത്ത ഭാരങ്ങൾ വലിയൊരു മുഴയുടെ രൂപത്തിൽ, മുറിഞ്ഞു പോയ കാലിന്റെ അറ്റത്തു തൂങ്ങിക്കിടന്നു.
തിരിച്ചു പോകാൻ നേരത്താണു അയാൾ മണൽക്കൂനയിറങ്ങി വന്നത്. കണ്ണുകളൊഴികെയെല്ലാം തുണികൊണ്ടു മൂടിയൊരു രൂപം. നടത്തത്തിലും ഭാവങ്ങളിലും ഒട്ടകങ്ങളിൽ നിന്നും അൽപ്പം പോലും വിഭിന്നമായിരുന്നില്ല. ഞങ്ങളെയൊന്നു നോക്കുക കൂടി ചെയ്യാതെ വേലിക്കകത്തേക്കു കയറിപ്പോയി. ഒരു പാത്രത്തിൽ വെള്ളമെടുത്തു അതിൽ മുഖം താഴ്ത്തി കുടിച്ചു. മുകളിൽ നിന്നു നോക്കുമ്പോൾ പടച്ചവൻ പോലും കരുതുന്നുണ്ടാവണം അയാളുമൊരു ഒട്ടകമാണെന്ന്.
(ഒമാൻ-ഹത്ത റൂട്ടിൽ ഒരിടത്ത്)
കടപ്പാട്: ആടുജിവിതം; മണ്ണെഴുത്ത്
5 comments:
അറബിക്കഥ..
:)
ചിത്രങ്ങളല്ല, അടികുറിപ്പുകളാണ് എന്നെയെന്നും ഈ ബ്ലോഗിലേക്ക് ആകര്ഷിച്ചിട്ടുള്ളത്. മുഖമില്ലാത്തവന്റെ ചിത്രത്തോളം തന്നെ മനോഹരം പിന് കുറിപ്പും....
good one
ഇവിടെ കണ്ടതിലും വായിച്ചതിലും പരിചയപ്പെട്ടതിലും സന്തോഷം....
Post a Comment